2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ പട്ടിക പുറത്ത്. 301 കോടി രൂപയുടെ ആഗോള കളക്ഷനുമായി 'ലോക ചാപ്റ്റർ 1 ചന്ദ്ര' ഒന്നാം സ്ഥാനത്തെത്തി. 'എമ്പുരാൻ', 'തുടരും' എന്നിവയാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. അവസാനം മമ്മൂട്ടി ചിത്രവും.
മലയാള സിനിമ ഇന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി നിൽക്കുകയാണ്. ഓരോ വർഷം കഴിയുന്തോറും പ്രമേയത്തിലും മേക്കിങ്ങിലുമൊന്നും യാതൊരു വിട്ടുവിഴ്ചയ്ക്കും തയ്യാറാകാതെ മോളിവുഡ് മുന്നേറുകയാണ്. നിലവിൽ മലയാളത്തിലെ ആദ്യ 300 കോടി സിനിമയും പിറന്നു കഴിഞ്ഞു. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ 1 ചന്ദ്രയിലൂടെയാണ് ഈ ചരിത്രനേട്ടം മലയാള സിനിമ സ്വന്തമാക്കിയത്. മുൻവർഷങ്ങള പോലെ തന്നെ ഈ വർഷം ഇതുവരെയും മികച്ച സിനിമകളുടെ ഒഴുക്ക് തന്നെയായിരുന്നു മോളിവുഡിൽ നടന്നത്. തതവസരത്തിൽ 2025ൽ റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
പത്ത് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാവർക്കും അറിയാവുന്നത് പോലെ ലിസ്റ്റിൽ ഒന്നാമത് കല്യാണി പ്രിയദർശന്റെ ലോക ആണ്. 301കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. പട്ടികയിൽ ഏറ്റവും അവസാനത്തെ ചിത്രം മമ്മൂട്ടിയുടെ ബസൂക്കയാണ്. 25.2 കോടിയാണ് ബസൂക്ക നേടിയിരിക്കുന്നത്. മമ്മൂട്ടി പടത്തെ കടത്തിവെട്ടി അർജുൻ അശോകന്റെ സുമതി വളവ് മുന്നിലെത്തിയിട്ടുണ്ട്. 28.3 കോടിയാണ് സുമതി വളവിന്റെ കളക്ഷൻ.
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ
- ലോക ചാപ്റ്റർ 1 ചന്ദ്ര - 301 കോടി*
- എമ്പുരാൻ - 266.3 കോടി
- തുടരും - 233.5 കോടി
- ഹൃദയപൂർവ്വം - 75.6 കോടി
- ആലപ്പുഴ ജിംഖാന - 69 കോടി
- രേഖാചിത്രം - 57.3 കോടി
- ഓഫീസർ ഓൺ ഡ്യൂട്ടി - 54.25 കോടി
- നരിവേട്ട - 28.5 കോടി
- സുമതി വളവ് - 28.3 കോടി
- ബസൂക്ക - 25.2 കോടി



