മമ്മൂട്ടി-വിനായകൻ എന്നിവർ ഒന്നിക്കുന്ന 'കളങ്കാവൽ' ഇന്ന് തിയേറ്ററുകളിലെത്തും. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രീ-സെയിൽ പ്രതികരണമാണ് ലഭിച്ചത്. ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്.

കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ മമ്മൂട്ടി ചിത്രം കളങ്കാവൽ തിയറ്ററിലേക്ക് എത്തുകയാണ്. ഇന്ന് രാവിലെ 9.30ക്ക് ഫസ്റ്റ് ഷോ ആരംഭിക്കും. എന്ത് മാജിക്കാകും മമ്മൂട്ടിയും വിനായകനും സ്ക്രീനിൽ കാഴ്ചവച്ചിരിക്കുന്നതെന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും. മൂന്ന് ദിവസം മുൻപ് ആയിരുന്നു കളങ്കാവൽ ബുക്കിം​ഗ് ആരംഭിച്ചത്. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ അവസാന ദിനമായ ഇന്നലെ വൈകുന്നേരത്തോടെ വൻ കുതിപ്പാണ് ബുക്കിങ്ങിൽ കാണാനായത്. ഒരുപക്ഷേ അണിയറ പ്രവർത്തകർ പോലും വിചാരിക്കാത്ത കുതിച്ച് കേരളത്തിൽ ചിത്രം നടത്തി.

സിനിമ തിയറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കേരളത്തിൽ നിന്നും ലഭിച്ച ഫൈൻ പ്രീ സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. 2.25 കോടിയാണ് കളങ്കാവലിന്റെ അഡ്വൻസ് കളക്ഷൻ. ആ​ഗോളതലത്തിൽ നാല് കോടി(3.8) അടുപ്പിച്ച് ചിത്രം നേടിയെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രകാരം മോഹൻലാൽ ചിത്രം തുടരുമിന്റെ ആ​ഗോള പ്രീ സെയിൽ കളക്ഷൻ കളങ്കാവൽ മറികടന്നു കഴിഞ്ഞു. 3.74 കോടി രൂപയാണ് തുടരുമിന്റെ പ്രീ സെയിൽ. കേരളത്തിന് പുറത്തും ​ഗർഫ് നാടുകളിലും മികച്ച പ്രീ സെയിൽ കളങ്കാവലിന് ലഭിച്ചിട്ടുണ്ട്.

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ നിർമാണ സംരംഭം കൂടിയാണ് ചിത്രം. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ നായകൻ വിനായകനാണെന്നും താൻ പ്രതിനായകനാണെന്നും അടുത്തിടെ മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏറെ കൗതുകത്തോടെയാണ് കളങ്കാവലിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്