ഞായറാഴ്ച പൊതുവില്‍ അവധി ദിനം എന്ന നിലയില്‍ തീയറ്ററില്‍ മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്ന ദിവസമാണ്. 

കൊച്ചി: ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്. ഒപ്പം ബോക്സോഫീസ് കണക്കുകള്‍ പ്രകാരം ചിത്രം ആദ്യ ഞായര്‍ ദിവസം ഗംഭീര പ്രകടനമാണ് നടത്തിയത്.

ഞായറാഴ്ച പൊതുവില്‍ അവധി ദിനം എന്ന നിലയില്‍ തീയറ്ററില്‍ മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്ന ദിവസമാണ്. മഞ്ഞുമ്മല്‍ ബോയ്‍സ് വന്‍ പ്രകടനമാണ് ഫെബ്രുവരി 25 ഞായറാഴ്ച കാഴ്ച വരുത്തിയത്. റിലീസ് ദിനത്തില്‍ അല്ലാതെ ഒരു മലയാള ചിത്രം ഒരു ദിനത്തില്‍ നേടുന്ന മികച്ച കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ഉണ്ടാക്കിയെന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. ബോക്സോഫീസ് ട്രാക്കറിന്‍റെ കണക്ക് പ്രകാരം ആഭ്യന്തര ബോക്സോഫീസില്‍ ഞായറാഴ്ച മഞ്ഞുമ്മല്‍ ബോയ്‍സ് റിലീസായി 4 മത്തെ ദിവസം 4.70 കോടിയാണ് നേടിയത്. 

ഇതോടെ ചിത്രത്തിന്‍റെ ആഭ്യന്തര ബോക്സോഫീസ് കളക്ഷന്‍ 15.50 കോടിയായി. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ മൂന്ന് ദിവസത്തില്‍ 26 കോടി രൂപയിലധികം നേടിയിരുന്നു. ഇതോടെ നാല് ദിവസത്തില്‍ ചിത്രം 30 കോടി കടക്കും എന്ന് വ്യക്തമാകുകയാണ്. 

ഞായറാഴ്ച ചിത്രത്തിന്‍റെ മലയാളം ഒക്യുപെഷന്‍ 71.02% ശതമാനം ആയിരുന്നു. അടുത്തകാലത്ത് 70 ശതമാനം ഒക്യുപെഷന്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്ന ചിത്രങ്ങളില്‍ ഒന്ന് മഞ്ഞുമ്മല്‍ ബോയ്സാണ്. ഇതില്‍ തന്നെ മോണിംഗ് ഷോ 61.13%, ആഫ്റ്റര്‍ നൂണ്‍ ഷോ 76.10%, ഈവനിംഗ് ഷോ 77.16%, നൈറ്റ് ഷോ 69.68% എന്നിങ്ങനെയാണ് ഷോ തിരിച്ചുള്ള ഒക്യുപെഷന്‍ കണക്ക്. കൊച്ചിയില്‍ ഇന്നലെ 166 ഷോയാണ് മഞ്ഞുമ്മലിന്‍റെ നടന്നത്. അതില്‍ എല്ലാം ഒക്യുപെഷന്‍ 80 ശതമാനത്തില്‍ അധികമായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താൻ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. 

'ജസ്റ്റ് വാവ്': മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട ഉദയനിധി സ്റ്റാലിന് അടക്കാനാവാത്ത അത്ഭുതം.!

ഹൈപ്പിനായി വെറുതെ പറയുന്നതല്ല; 'മഞ്ഞുമ്മൽ ബോയ്സ്' ശരിക്കും തമിഴ്നാട്ടില്‍ കൊളുത്തി; സോഷ്യല്‍ മീഡിയ പ്രതികരണം