Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസില്‍ നോണ്‍ സ്റ്റോപ്പ്! നാലാം വാരത്തിലും തമിഴ്നാട്ടില്‍ നേട്ടമുണ്ടാക്കി 'മഞ്ഞുമ്മല്‍ ബോയ്‍സ്'

തമിഴ്നാട്ടില്‍ ഏറ്റവും കളക്ഷന്‍ നേടിയ മലയാളചിത്രം

manjummel boys fourth week box office from tamil nadu chidambaram sreenath bhasi soubin shahir nsn
Author
First Published Mar 22, 2024, 12:49 PM IST

ചില തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ഓപണിംഗ് മലയാള ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാറില്ല. ഉദാഹരണത്തിന് വിജയ് ചിത്രം ലിയോ കേരളത്തില്‍ നിന്ന് നേടിയത് 60 കോടിക്ക് മുകളിലാണ്. മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്ന് ഇതിന് സമാനമായ കളക്ഷന്‍ നേടുകയെന്നത് കഴിഞ്ഞ വര്‍ഷം വരെ സ്വപ്നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ഥ്യമാണ്. ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ് തമിഴ്നാട് ബോക്സ് ഓഫീസില്‍ അത്ഭുതം കാട്ടിയത്. ഇപ്പോഴിതാ റിലീസ് ചെയ്തിട്ട് നാല് ആഴ്ചകള്‍ പിന്നിടുമ്പോഴും ചിത്രത്തിന് അവിടെ കാണികള്‍ അവസാനിച്ചിട്ടില്ല.

മഞ്ഞുമ്മല്‍ ബോയ്സ് പ്രദര്‍ശനത്തിന്‍റെ നാലാം വാരം തമിഴ്നാട്ടില്‍ നിന്ന് നേടിയത് 8.61 കോടിയാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് അറിയിക്കുന്നു. തങ്ങള്‍ ട്രാക്ക് ചെയ്ത തിയറ്ററുകളിലെ ഒക്കുപ്പന്‍സി വച്ച് മൂന്നാം വാര കളക്ഷനില്‍ നിന്ന് 50 ശതമാനം ഇടിവാണ് ചിത്രത്തിന് സംഭവിച്ചിരിക്കുന്നതെന്നും സിനിട്രാക്ക് അറിയിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. തമിഴ്നാട്ടില്‍ ചെറിയ സ്ക്രീന്‍ കൗണ്ടോടെ റിലീസ് ചെയ്യപ്പെട്ട ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ വമ്പന്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു.

എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോലെ ഒരു സംഘം യുവാക്കള്‍ നേരിടുന്ന അപ്രതീക്ഷിത പ്രതിസന്ധിയാണ് ചിത്രത്തിന്‍റെ പ്രമേയം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ, കമല്‍ ഹാസന്‍ സിനിമ ഗുണയുടെ റെഫറന്‍സും തമിഴ്നാട് പ്രേക്ഷകര്‍ക്ക് വൈകാരിക അടുപ്പം ഉണ്ടാക്കിയ ഘടകമാണ്. തമിഴ് യുട്യൂബ് ചാനലുകളിലെ കഴിഞ്ഞ വാരങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം ഈ ചിത്രമായിരുന്നു.

ALSO READ : 'ക്യാമറകള്‍ക്ക് മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം'; തെരഞ്ഞെടുപ്പ് കാലത്തെ മാനസികാവസ്ഥയെക്കുറിച്ച് രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios