Asianet News MalayalamAsianet News Malayalam

'മാസ്റ്റര്‍' 200 കോടി ക്ലബ്ബില്‍? 9 ദിവസങ്ങളിലെ ബോക്സ് ഓഫീസ് നേട്ടം

ആദ്യദിനത്തിലെ പ്രതികരണം വാരാന്ത്യത്തിലേക്കും നീണ്ടതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ്ഓഫീസില്‍ 100 കോടി നേടിയിരുന്നു ചിത്രം

master enters 200 crore club in 9 days?
Author
Thiruvananthapuram, First Published Jan 22, 2021, 5:55 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് ആദ്യ റിലീസ് ആയി 'മാസ്റ്റര്‍' എത്തുമ്പോള്‍ ആകാംക്ഷയ്ക്കൊപ്പം ആശങ്കയുമുണ്ടായിരുന്നു തിയറ്റര്‍ ഉടമകള്‍ക്കും സിനിമാവ്യവസായത്തിന് മൊത്തത്തിലും. എന്നാല്‍ റിലീസ് ദിനമായ 13നുതന്നെ ആശങ്ക ആഹ്ളാദത്തിനു വഴിമാറി. അത്രയ്ക്കും വലുതായിരുന്നു ആദ്യദിനം ചിത്രത്തിനു ലഭിച്ച പ്രതികരണം. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വിതരണക്കാരെ ആഹ്ളാദിപ്പിക്കുന്ന പ്രതികരണവും കളക്ഷനും നേടി ചിത്രം.

ആദ്യദിനം തമിഴ്നാട്ടില്‍ നിന്നുമാത്രം 25 കോടി ഗ്രോസ് നേടിയ ചിത്രം ആന്ധ്ര/തെലങ്കാനയില്‍ നിന്ന് 10.4 കോടിയും കര്‍ണാടകത്തില്‍ നിന്ന് 5 കോടിയും കേരളത്തില്‍ നിന്ന് 2.17 കോടിയും നേടിയിരുന്നു. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും. ആദ്യദിനത്തിലെ പ്രതികരണം വാരാന്ത്യത്തിലേക്കും നീണ്ടതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ്ഓഫീസില്‍ 100 കോടി നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്.

ആദ്യ 9 ദിവസങ്ങളില്‍ ആഗോള ബോക്സ്ഓഫീസില്‍ നിന്നു ലഭിച്ച ഗ്രോസ് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് ചില ട്രേഡ് അനലിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഒരാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം 96.70 കോടി നേടിയിരുന്നു. ആന്ധ്ര/തെലങ്കാനയില്‍ നിന്ന് 24 കോടിയും കര്‍ണാടകത്തില്‍ നിന്ന് 14.50 കോടിയും കേരളത്തില്‍ നിന്ന് 10 കോടിയുമാണ് ഒന്നാം വാരം ചിത്രം നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ വിജയത്തില്‍ വിജയ്‍യോട് നേരിട്ട് നന്ദി അറിയിക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. 8.50 കോടിക്കാണ് ചിത്രത്തിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം വിറ്റുപോയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ഒപ്പം ആഗോള ബോക്സ് ഓഫീസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് മാസ്റ്റര്‍ ആയിരുന്നെന്ന വിവരം നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് തന്നെ അറിയിച്ചിരുന്നു. ഹോളിവുഡ്, ബോളിവുഡ് റിലീസുകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാണ് ഈ അപൂര്‍വ്വനേട്ടം സാധ്യമായത്. അതേസമയം 200 കോടി ബോക്സ് ഓഫീസ് നേട്ടത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും ആരാധകര്‍ അത് ആഘോഷമാക്കുകയാണ്. #MasterEnters200CrClub എന്ന ഹാഷ് ടാഗ് ഇതിനകം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios