കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യ റിലീസ് ആയെത്തിയ വിജയ് ചിത്രം 'മാസ്റ്ററി'നു ലഭിക്കുന്ന പ്രേക്ഷകപ്രതികരണം സാകൂതം നിരീക്ഷിക്കുകയായിരുന്നു ഇന്ത്യന്‍ സിനിമാലോകം. തെന്നിന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് 'മാസ്റ്റര്‍' നല്‍കിയത്. തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്ര/തെലങ്കാനയിലും കര്‍ണാടകത്തിലും കേരളത്തിലുമൊക്കെ വന്‍ പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഈ സമയത്ത് റിലീസിന് എത്തിയതില്‍ വിജയ്‍യെ നേരില്‍ കണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ ആന്ധ്ര/തെലങ്കാന വിതരണക്കാര്‍.

തെലുങ്ക് നിര്‍മ്മാതാവ് കൂടിയായ മഹേഷ് കൊനേരുവിന്‍റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സിനായിരുന്നു മാസ്റ്ററിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം. 8.50 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ ആന്ധ്ര, തെലങ്കാന വിതരണാവകാശം വിറ്റുപോയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യദിനങ്ങളിലെ കളക്ഷന്‍ കൊണ്ടുതന്നെ വിതരണക്കാരെ സംബന്ധിച്ച് ചിത്രം ബ്രേക്ക് ഈവന്‍ ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രത്തിന് ലഭിച്ച ഗ്രോസ് കളക്ഷന്‍. തങ്ങളുടെ നന്ദി അറിയിക്കാന്‍ വിജയ്‍യെ നേരില്‍ സന്ദര്‍ശിച്ച വിവരം മഹേഷ് കൊനേരു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഏറ്റവുമൊടുവില്‍ പുറത്തെത്തിയ കണക്കുകള്‍ പ്രകാരം 96.70 കോടിയാണ് തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു വാരം പിന്നിടുമ്പോഴും സംസ്ഥാനത്ത് ചിത്രത്തിന് മികച്ച പ്രതികരണമുണ്ട്. കര്‍ണാടകയില്‍ നിന്ന് 14.50 കോടിയും കേരളത്തില്‍ നിന്ന് 10 കോടിയും മാസ്റ്ററിന് ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മാത്രമാണ് മാസ്റ്റര്‍ വിതരണക്കാരുടെ കൈ പൊള്ളിച്ചത്. 5 കോടി മാത്രമാണ് ഉത്തരേന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത്. വിതരണക്കാര്‍ക്ക് നഷ്ടം ഒഴിവാക്കണമെങ്കില്‍ അവിടെ 12 കോടിയെങ്കിലും ചിത്രം കളക്ട് ചെയ്യണമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആദ്യവാരം പിന്നിട്ട സ്ഥിതിക്ക് ഇനി അതുണ്ടാവില്ലെന്ന് ഉറപ്പാണ്. 'വിജയ് ദി മാസ്റ്റര്‍' എന്ന പേരിലെത്തിയ ഹിന്ദി പതിപ്പിന് ഉത്തരേന്ത്യയില്‍ മികച്ച തിയറ്റര്‍ കൗണ്ട് ഉണ്ടായിരുന്നു.