കേരള ഫിലിം ചേമ്പറിന്റെ കണക്കുകൾ പ്രകാരം, 2025ൽ മലയാള സിനിമാ വ്യവസായത്തിന് 530 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ആ വർഷം റിലീസ് ചെയ്ത 185 സിനിമകളിൽ 150 എണ്ണവും പരാജയപ്പെട്ടു. ഒൻപത് സൂപ്പർ ഹിറ്റുകളും പതിനാറോളം ഹിറ്റുകളും ഉണ്ടായിരുന്നു.

റെ വ്യത്യസ്തവും ശക്തവുമായ പ്രമേയങ്ങൾ കൊണ്ട് ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് ലഭിച്ച വർഷമായിരുന്നു 2025. ലോക ചാപ്റ്റർ 1 ചന്ദ്രയിലൂടെ ആദ്യം 300 കോടി ക്ലബ്ബ് സിനിമയും മലയാളത്തിന് ലഭിച്ചതും ഈ വർഷം തന്നെ. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, നിവിൻ പോളി അടക്കം നിരവധി പേരുടെ സിനിമകളും തിയറ്ററുകളിൽ എത്തി. പല സിനിമകളും ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചുവെങ്കിലും 2025 അവസാനിച്ചപ്പോൾ മലയാള സിനിമയ്ക്ക് നഷ്ട കണക്കാണ് ബാക്കിയെന്ന് കേരള ഫിലിം ചേമ്പർ പറയുന്നു.

185 സിനിമകളാണ് 2025ൽ മലയാളത്തിൽ റിലീസ് ചെയ്തത്. ഇതിൽ 150 സിനിമകൾ പരാജയപ്പെട്ടു. ഒൻപത് സൂപ്പർ ഹിറ്റ് സിനിമകളും 16ഓളം ഹിറ്റ് സിനിമകളും മലയാളത്തിന് ലഭിച്ചിട്ടുണ്ട്. തിയറ്ററിൽ ആവറേജ് കളക്ഷൻ ലഭിച്ച പത്തോളം സിനിമകൾ ഒടിടിയിൽ എത്തി മുടക്കു മുതൽ തിരിച്ച് പിടിച്ചിട്ടുണ്ട്. 530 കോടിയാണ് 2025ൽ മലയാള സിനിമയ്ക്കുണ്ടായ നഷ്ടം. 8 റീ റിലീസ് സിനിമകൾ തിയറ്ററിൽ എത്തിയതിൽ മൂന്ന് എണ്ണം മാത്രമാണ് ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചതെന്നും ഫിലിം ചേമ്പർ പറയുന്നു.

കേരള ഫിലിം ചേമ്പറിന്റെ പ്രസ്താവന ഇങ്ങനെ

185 സിനിമകള്‍ കൂടാകെ 8 റീ റിലീസ് ചിത്രങ്ങളും പോയ വര്‍ഷത്തില്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍ മുടക്ക് 860 കോടി രൂപയോളം വരും. അതില്‍ 9 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് എന്ന ഗണത്തിലും 16ഓളം സിനിമകള്‍ ഹിറ്റ് എന്ന ഗണത്തിലും തിയറ്റര്‍ വരുമാനം ലഭിച്ച കണക്കുകള്‍ പ്രകാരം വിലയിരുത്താം. കൂടാതെ തിയറ്റല്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങള്‍ കൂടി മുടക്ക് മുതല്‍ തിരികെ ലഭിച്ചതായി കണക്കാക്കാം. 150 ഓളം ചിത്രങ്ങള്‍ തിയറ്ററില്‍ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കു മുതല്‍ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായ ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടി നഷ്ടം സംഭവിച്ച വര്‍ഷമാണ് 2025.

2025ല്‍ റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും 8 മലയാള ചിത്രങ്ങള്‍ റീ റിലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചത്. 2025നെ സംബന്ധിച്ച് ഇന്‍ഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിന്‍റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്തമായ പ്രമേയങ്ങളാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടേയും വിജയം സൂചിപ്പിക്കുന്നുണ്ട്.

2026ൽ ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്