കേരളത്തില്‍ മികച്ച കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റ്. 

മോഹൻലാലിനെ മലയാളികൾ കാണാൻ ആ​ഗ്രഹിക്കുന്ന ലുക്കിലെത്തിയ സിനിമ ആയിരുന്നു തുടരും. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തത് തരുൺ മൂർത്തി ആയിരുന്നു. ഒടുവിൽ തിയറ്ററിലെത്തിയ തുടരും, സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്തത്ര മൗത്ത് പബ്ലിസിറ്റി അടക്കം നേടി മുന്നേറി. ഇന്നിതാ കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് തുടരും. രണ്ട് വർഷം ആരാലും തകർക്കാനാകാതെ നിന്ന 2018 സിനിമയെ മറി കടന്നാണ് കേരളത്തിൽ തുടരും വൻ വിജയമായി മാറിയിരിക്കുന്നത്. 

ഈ അവസരത്തിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ടോപ് 10 ലിസ്റ്റ് പുറത്തുവരികയാണ്. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റേതാണ് റിപ്പോര്‍ട്ട്. ഇതിൽ ഇതര ഭാഷാ സിനിമകളും ഉണ്ട്. അവ രണ്ടും പ്രഭാസ് സിനിമകളാണ് എന്നത് ശ്രദ്ധേയമാണ്. 89 കോടിയിലധികം കളക്ഷൻ നേടി തുടരും ആണ് ഒന്നാമതുള്ളത്. രണ്ടാമത് 2018 ആണ്. 89.2 കോടിയാണ് പടത്തിന്റെ കേരള കളക്ഷൻ. 

86.3 കോടിയുമായി എമ്പുരാനാണ് മൂന്നാം സ്ഥാനത്ത്. തൊട്ട് പിന്നിൽ 85 കോടിയുമായി പുലിമുരുകനും ഉണ്ട്. അഞ്ചാം സ്ഥാനത്ത് ആടുജീവിതം ആണ്. 79.3 കോടിയാണ് ഈ ചിത്രത്തിന്റെ കളക്ഷൻ. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും മോഹൻലാൽ സിനിമകളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ആറാമതുള്ളത് ഫഹദ് ഫാസിൽ ചിത്രം ആവേശം ആണ്. 76.10 കോടിയാണ് സിനിമയുടെ കേരള കളക്ഷൻ എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. 

ബാഹുബലി (74.5 കോടി), മഞ്ഞുമ്മൽ ബോയ്സ്(72.10), അജയന്റെ രണ്ടാം മോഷണം(68.75 കോടി), കെജിഎഫ് ചാപ്റ്റർ 2(68.5) എന്നിങ്ങനെയാണ് ഏഴ് മുതൽ 10 വരെയുള്ള സിനിമകൾ. ഈ ലിസ്റ്റിൽ ആ​ഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ ബഹുബലിയും കെജിഎഫും ആണ്. 1200 കോടിയോളും കെജിഎഫ് 2 നേടിയപ്പോൾ 1700 കോടിയാണ് ബാഹുബലി നേടിയത്. അതേസമയം, മലയാള സിനിമകളിൽ ഒന്നാം സ്ഥാനം എമ്പുരാനാണ്. ബിസിനസ് അടക്കം 325 കോടിയാണ് ഈ മോഹൻലാൽ ചിത്രം നേടിയിരിക്കുന്നത്. എന്തായാലും മലയാള സിനിമയിൽ തുടരുവിന്റെ റെക്കോർ‍ഡ് ഇനി ആര് മറികടക്കും എന്നറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..