മോഹൻലാല്‍ നായകനായ ലൂസിഫറിന് ആദ്യ ദിവസം തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം ഫാൻസ് ഏറ്റെടുക്കുന്ന തരത്തിലുള്ളതായിരുന്നു. ബോക്സ്‍ ഓഫീസില്‍ മികച്ച റെക്കോര്‍ഡു തന്നെ ചിത്രം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് തന്നെ ആറ് കോടി രൂപയ്‍ക്കടുത്ത് ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 40 ലക്ഷത്തിന് താഴെയാണ് കളക്ഷൻ ലഭിച്ചത്. യുഎഇ- ജിസിസിയില്‍ 7.30 കോടിയുടെ കളക്ഷനാണ് നേടിയത്.  മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ആദ്യ ദിനത്തില്‍ 13-14 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് അഞ്ച് കോടിക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.