Asianet News MalayalamAsianet News Malayalam

മോശം മൗത്ത് പബ്ലിസിറ്റിയില്‍ തകര്‍ന്നോ സൂര്യയുടെ 'എന്‍ജികെ'? രണ്ട് ദിവസത്തെ കളക്ഷന്‍

'എന്‍ജികെ' മികച്ച വിജയം നേടുക എന്നത് സൂര്യയുടെ വലിയ ആവശ്യമായിരുന്നു. പക്ഷേ വലിയ പബ്ലിസിറ്റിയുമായെത്തിയ സെല്‍വരാഘവന്‍ ചിത്രം ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. പക്ഷേ ഇത് കളക്ഷനെ ബാധിച്ചോ? സൂര്യ നായകനാവുന്ന തുടര്‍ച്ചയായ മൂന്നാം ചിത്രവും വേണ്ടത്ര ശ്രദ്ധ നേടാതെ പോകുമോ?

ngk two days box office
Author
Chennai, First Published Jun 2, 2019, 1:24 PM IST

സൂര്യയുടെ കരിയറിലെ നിര്‍ണായകഘട്ടത്തിലാണ് പുതിയ ചിത്രം 'എന്‍ജികെ' തീയേറ്ററുകളിലെത്തിയത്. തമിഴ്‌നാട് തീയേറ്റര്‍ ആന്റ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ വാണിജ്യമൂല്യം അനുസരിച്ച് താരങ്ങളെ തരംതിരിച്ചപ്പോള്‍ രണ്ടാംനിരയിലായിരുന്നു സൂര്യ. കഴിഞ്ഞ രണ്ട് ചിത്രങ്ങളും (സിങ്കം 3, താനാ സേര്‍ന്ത കൂട്ടം) കാര്യമായ വിജയം നേടാതിരുന്നതായിരുന്നു കാരണം. അതിനാല്‍ 'എന്‍ജികെ' മികച്ച വിജയം നേടുക എന്നത് സൂര്യയുടെ വലിയ ആവശ്യമായിരുന്നു. പക്ഷേ വലിയ പബ്ലിസിറ്റിയുമായെത്തിയ സെല്‍വരാഘവന്‍ ചിത്രം ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. പക്ഷേ ഇത് കളക്ഷനെ ബാധിച്ചോ? സൂര്യ നായകനാവുന്ന തുടര്‍ച്ചയായ മൂന്നാം ചിത്രവും വേണ്ടത്ര ശ്രദ്ധ നേടാതെ പോകുമോ?

എന്നാല്‍ ആദ്യദിനം പ്രചരിച്ച മോശം അഭിപ്രായങ്ങളുടെ അത്രയും മോശമല്ല ചിത്രം നേടുന്ന കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് ബോക്‌സ്ഓഫീസില്‍ ആദ്യദിനം നേടിയ കളക്ഷനില്‍ ചിത്രം രജനീകാന്ത് ചിത്രം 'പേട്ട'യേക്കാള്‍ മുന്നിലാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. ചെന്നൈ സിറ്റിയില്‍മാത്രം ആദ്യദിനം 1.03 കോടി നേടിയ ചിത്രം രണ്ടാംദിനം കളക്ഷനില്‍ നേരിയ വര്‍ധന വരുത്തി. 1.07 കോടിയാണ് രണ്ടാംദിനം ചെന്നൈ സിറ്റിയിലെ കളക്ഷന്‍. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം 2.10 കോടി രൂപ. ആദ്യദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളില്‍ നിന്നും രണ്ടാംദിനത്തിലെത്തിയപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നതും ചിത്രത്തിന് തുണയാവുന്നുണ്ട്. 

ചെന്നൈ നഗരത്തില്‍ തമിഴ് ചിത്രങ്ങള്‍ നേടുന്ന ആദ്യദിന കളക്ഷനുകളുടെ എക്കാലത്തെയും ലിസ്റ്റിലെ ആദ്യ പത്തില്‍ 'എന്‍ജികെ' ഇടംപിടിച്ചിട്ടുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍ എം വിലയിരുത്തുന്നു. വിശ്വാസത്തിനും പേട്ടയ്ക്കും കാഞ്ചന 3യ്ക്കും പിന്നാലെ ഈ വര്‍ഷം തമിഴ്‌നാട്ടില്‍ 10 കോടിയ്ക്ക് മുന്നില്‍ ഓപണിംഗ് ഡേ ഗ്രോസ് നേടുന്ന നാലാമത്തെ ചിത്രമാണ് 'എന്‍ജികെ' എന്നും കൗശിക് എല്‍എം. തമിഴ്‌നാട്ടിലെ ആദ്യദിന കളക്ഷന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു സൂര്യ ചിത്രം തമിഴ്‌നാട്ടില്‍ നേടുന്ന ഏറ്റവും മികച്ച ആദ്യദിന കളക്ഷനാണ് ചിത്രത്തിന്റേതെന്ന് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു. യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുവെന്നാണ് വിവരം. ശരിയാഴ്ച വൈകിട്ട് ഏഴ് മണി വരെയുള്ള കണക്ക് അനുസരിച്ച് 1,17,000 ഡോളറാണ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്ക്.

Follow Us:
Download App:
  • android
  • ios