ഏതൊരു നിര്‍മ്മാതാവും സംവിധായകനും സ്വപ്‍നം കാണുന്നതിനും അപ്പുറത്തുള്ള വിജയം
ലാഭനഷ്ടങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാവാത്ത ബിസിനസ് ആണ് സിനിമ. വലിയ പ്രതീക്ഷയോടെ വിജയ ഫോര്‍മുലകളെല്ലാം ഉള്‍പ്പെടുത്തി, സൂപ്പര്‍താരങ്ങളെ കാസ്റ്റ് ചെയ്ത് എത്തുന്ന ചിത്രങ്ങളില്‍ പലതും എട്ട് നിലയില്‍ പൊട്ടുമ്പോള്‍ അങ്ങനെയല്ലാതെ ചെറിയ ബജറ്റില്‍ എത്തുന്ന ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയിലും ബോക്സ് ഓഫീസിലും വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ലോകസിനിമയിലെ ഒരു അത്ഭുത വിജയം വിവിധ ഇന്‍ഡസ്ട്രികളില്‍ ചര്‍ച്ചയാവുകയാണ്. നിര്‍മ്മാതാക്കള്‍ മുടക്കിയ തുകയും ബോക്സ് ഓഫീസ് കളക്ഷനും തമ്മിലുള്ള വ്യത്യാസം ആടും ആനയും തമ്മിലുള്ള വ്യത്യാസം പോലുമല്ല, അതുക്കും മേലെയാണ്.
ഹോളിവുഡില്‍ നിന്നാണ് ഈ അത്ഭുത വിജയം. 26 കാരനായ യുവ സംവിധായകന്‍ കറി ബാര്‍ക്കര്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഒബ്സെഷന്‍ ആണ് ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ കടപുഴക്കുന്നത്. സൂപ്പര്‍നാച്ചുറല്‍ സൈക്കോളജിക്കല്‍ ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ യുഎസ് റിലീസ് കഴിഞ്ഞ മാസം 15 ന് ആയിരുന്നു. ഇന്ത്യയില്‍ എത്തിയതാവട്ടെ മെയ് 29 നും. ഹോളിവുഡിന് മുന്‍കൂട്ടി കാണാന്‍ സാധിക്കാതിരുന്ന വിജയമായിരുന്നു ഇത്. ബ്ലംഹൗസ് പ്രൊഡക്ഷന്‍സ്, ക്യാപ്സ്റ്റോണ്‍ സ്റ്റുഡിയോസ്, ടീ ഷോപ്പ് പ്രൊഡക്ഷന്‍സ്, അണ്ടര്‍ ദി ഷെല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിച്ച ചിത്രത്തിന്‍റെ ബജറ്റും കളക്ഷനും കേട്ടാല്‍ ഞെട്ടും.
വെറും 7.1 കോടി മാത്രമാണ് ഈ ഹോളിവുഡ് ചിത്രത്തിന്‍റെ ബജറ്റ്. അതായത് ഇന്നത്തെ ഒരു ശരാശരി മലയാള സിനിമയുടെ ബജറ്റിനേക്കാള്‍ കുറവ്. ചിത്രം ഇതിനകം നേടിയതാവട്ടെ 2149 കോടി രൂപ! ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രത്തേക്കാള്‍ (ദംഗല്‍) വലിയ കളക്ഷന്‍. അമേരിക്കയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 10 ദിവസം കൊണ്ട് 43 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഹൊറര്‍ ജോണര്‍ ആയതിനാല്‍ ലോകമെങ്ങും എളുപ്പത്തില്‍ ആരാധകരെ നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കറി ബാര്‍ക്കറിന്‍റെ ആദ്യ ഫീച്ചര്‍ ഫിലിം അല്ല ഇത്. 2024 ല്‍ പുറത്തെത്തിയ മില്‍ക്ക് ആന്‍ഡ് സെറിയല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. എന്നാല്‍ ആദ്യ തിയട്രിക്കല്‍ റിലീസ് ഒബ്സെഷന്‍ ആണ്. ഏത് ഭാഷയിലെ ഏത് സംവിധായകനും കൊതിക്കുന്ന വിജയമാണ് ബാര്‍ക്കര്‍ ഒബ്സെഷനിലൂടെ നേടിയിരിക്കുന്നത്.

