മമ്മൂട്ടി, ധനുഷ്, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം

മമ്മൂട്ടി, ധനുഷ്, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഒ.എം’ (ഓപ്പറേഷൻ മോൾ) പ്രദർശന വിജയം നേടുന്നു. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ ചിത്രം 33.70 കോടി കരസ്ഥമാക്കി. മമ്മൂട്ടിയുടേയും ധനുഷിന്റേയും ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനാണ് ഒ.എം കുറിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 3.80 കോടി കളക്ഷൻ ചിത്രം നേടി. കേരളത്തിൽ ധനുഷിന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷൻ ആണിത്. രണ്ടാം ദിനവും ഗംഭീര ബുക്കിങ് ചിത്രത്തിന് ലഭിക്കുന്നുണ്ട്. രക്തചന്ദനക്കടത്തും അതിനെ തകർക്കാനുള്ള രഹസ്യ പൊലീസ് ഓപ്പറേഷനും പ്രമേയമാക്കിയ ചിത്രം, താരങ്ങളുടെ പ്രകടനവും ആക്ഷനും വൈകാരികമായ കഥപറച്ചിലുമാണ് സിനിമയുടെ പ്രധാന ആകർഷണമായി മാറുന്നത്. രാജ്കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

2015-ൽ ആന്ധ്രാപ്രദേശിലെ ശേഷാചലം വനമേഖലയിൽ നടന്ന പൊലീസ് വെടിവെപ്പിൽ 20 ചന്ദനക്കടത്തുകാർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. തമിഴ്നാട്–ആന്ധ്ര അതിർത്തി കടന്ന് വിദേശ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന രക്തചന്ദനക്കടത്ത് ശൃംഖലയെ തകർക്കാൻ പൊലീസ് നടത്തുന്ന ഓപ്പറേഷനാണ് ചിത്രത്തിന്റെ പ്രമേയം. ധനുഷ് അവതരിപ്പിക്കുന്ന തിരുകുമുരൻ എന്ന രഹസ്യ അന്വേഷണ ഉദ്യോഗസ്ഥൻ കടത്തുസംഘത്തിൽ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നതും, മമ്മൂട്ടി അവതരിപ്പിക്കുന്ന കാർത്തികേയൻ എന്ന സംഘത്തലവനുമായി രൂപപ്പെടുന്ന ബന്ധവും കഥയുടെ പ്രധാന ഘടകങ്ങളാണ്. അബ്ദുൽ ഹമീദ് എന്ന അന്താരാഷ്ട്ര അധോലോക ബന്ധമുള്ള വ്യവസായിയെ പിടികൂടുകയാണ് ഓപ്പറേഷന്റെ ലക്ഷ്യം. സായി പല്ലവി അവതരിപ്പിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

കാർത്തികേയൻ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും തന്റെ അഭിനയമികവ് അടയാളപ്പെടുത്തുന്നുവെന്നാണ് സിനിമയെക്കുറിച്ചുള്ള ആദ്യ വിലയിരുത്തലുകൾ. ആക്ഷൻ രംഗങ്ങൾക്കപ്പുറം വൈകാരികമായ മുഹൂർത്തങ്ങളിലാണ് കഥാപാത്രത്തിന്റെ ശക്തി പ്രകടമാകുന്നത്. പ്രത്യേകിച്ച് കോടതി രംഗങ്ങളും ക്ലൈമാക്സിലെ ചില രംഗങ്ങളും ശ്രദ്ധേയമാകുന്നുണ്ട്. ധനുഷിന്റെ തിരുകുമുരൻ കഥയിലെ നിർണായക കഥാപാത്രമാണ്. മമ്മൂട്ടിയുമായുള്ള രംഗങ്ങളിലെ അഭിനയവും ഇരുവരുടെയും കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ആദ്യ പൊലീസ് വേഷത്തിലെത്തുന്ന സായി പല്ലവി, കരുത്തും കണിശതയുമുള്ള അന്വേഷണ ഉദ്യോഗസ്ഥയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്നു. ആക്ഷൻ രംഗങ്ങളിലും വൈകാരിക മുഹൂർത്തങ്ങളിലും താരം വ്യത്യസ്തമായ അഭിനയശൈലി പുറത്തെടുക്കുന്നുണ്ട്.

സായി അഭ്യങ്കറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ്. കഥാപാത്രങ്ങൾക്കായി ഒരുക്കിയ തീം മ്യൂസിക്കുകളും രംഗങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതവും സിനിമയുടെ അന്തരീക്ഷത്തിന് കൂടുതൽ തീവ്രത നൽകുന്നു. എഴിൽ അരസിന്റെ ഛായാഗ്രഹണവും പ്രത്യേകിച്ച് വൈകാരിക രംഗങ്ങളിലെയും ക്ലൈമാക്സിലെയും ദൃശ്യാവിഷ്കാരവും ശ്രദ്ധേയമാണ്. താരനിരയുടെ ശക്തമായ പ്രകടനങ്ങളും വൈകാരികമായ കഥപറച്ചിലും സംഗീതവും ഒത്തുചേരുന്ന ‘ ഒ എം’ മറ്റ് ഇടങ്ങളിലേ പോലെ തന്നെകേരളത്തിലും മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ബിനു ജോർജ്‌ അലക്സാണ്ടർ പ്രൊഡക്ഷൻസാണ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming