നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം

വലിയ പ്രീ റിലീസ് ഹൈപ്പോടെ അല്ലാതെ തിയറ്ററുകളില്‍ എത്തിയിട്ടും മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയ ചിത്രമാണ് പടക്കളം. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഈ ചിത്രം വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. സന്ദീപ് പ്രദീപ്, സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് സ്വീകാര്യതയെക്കുറിച്ച് നിര്‍മ്മാതാവ് വിജയ് ബാബു പറ‌ഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 11 ദിവസം കൊണ്ട് ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചു എന്നതാണ് അത്. 

ഷറഫുദ്ദീനും ചിത്രത്തിലെ മറ്റ് അണിയറക്കാര്‍ക്കുമൊപ്പം നടത്തിയ ഒരു തിയറ്റര്‍ വിസിറ്റിനിടെയാണ് വിജയ് ബാബു തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ രണ്ട് പേരും കൂടി (ഷറഫുദ്ദീനെയും ചേര്‍ത്ത്) ഒരു കാര്യം പറയാം. ഇന്ന് പതിനൊന്നാം ദിവസമാണ്. പടം ഞങ്ങള്‍ ലാഭമായി. ഇനി അടുത്ത ആഴ്ച കണക്കില്‍ ഞങ്ങള്‍ നഷ്ടമായി വേണ്ട, വിജയ് ബാബു പറഞ്ഞു. ചിരിച്ചുകൊണ്ട് ഈ പ്രസ്താവന ഏറ്റെടുത്ത ഷറഫുദ്ദീന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു- എല്ലാവര്‍ക്കും മനസിലായി എന്ന് വിചാരിക്കുന്നു. അതൊരു വലിയ കാര്യമാണ്. നമ്മുടെ നിര്‍മ്മാതാവ് തന്നെ പത്താം ദിവസം വന്നിട്ട് ഇങ്ങനെ ഒരു കാര്യം പറയുന്നത് സന്തോഷമാണ്. ഞങ്ങള്‍ അഭിനയിച്ച സിനിമ ഇത്തരത്തില്‍ നല്ല പ്രതികരണങ്ങള്‍ നേടുന്നു, അതിന്‍റെ നിര്‍മ്മാതാവ് തന്നെ ചിത്രം ബ്രേക്ക് ഈവന്‍ ആയി എന്ന് പറയുമ്പോള്‍ നമുക്ക് കിട്ടുന്ന സന്തോഷം വലുതാണ്, ഷറഫുദ്ദീന്‍ പറഞ്ഞു.

മെയ് 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം 12 ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 10.42 കോടിയാണ്. നെറ്റ് കളക്ഷന്‍ 9.3 കോടിയും. റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയായ 18 നാണ് ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തത്. 1.33 കോടി (നെറ്റ്) ആണ് ഇത്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസിന്‍റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റസി ഹ്യൂമറിൽ കഥ പറയുന്ന ചിത്രമാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം