Asianet News MalayalamAsianet News Malayalam

അഡ്വാന്‍സ് ബുക്കിം​ഗില്‍ 'ദൃശ്യം 2' നെ മറികടന്ന് 'പഠാന്‍'; ലക്ഷ്യം റെക്കോര്‍ഡ് ഓപണിംഗ്

പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലെല്ലാം ചിത്രം മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്

pathaan beats drishyam 2 in limited advance booking shah rukh khan yrf
Author
First Published Jan 20, 2023, 8:10 AM IST

ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം, ഷാരൂഖ് ഖാന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന പഠാന്‍ പല കാരണങ്ങള്‍ കൊണ്ടും നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ചിത്രം തലക്കെട്ടുകളില്‍ നിറയുന്നത് അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ നേടുന്ന വന്‍ പ്രതികരണത്താലാണ്. രാജ്യത്തെ ചില പ്രധാന മള്‍ട്ടിപ്ലെക്സ് ചെയിനുകള്‍ അടക്കം കഴിഞ്ഞ ദിവസം ആരംഭിച്ച ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ഇതിനകം ചിത്രം കോടികള്‍ നേടിയതായാണ് വിവരം. 

പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലെല്ലാം ചിത്രം മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഇതുവരെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത് പിവിആര്‍ ആണ്- 51,000 ടിക്കറ്റുകള്‍. ഐനോക്സ് 38,500 ടിക്കറ്റുകളും സിനിപൊളിസ് 27,500 ടിക്കറ്റുകളുമാണ് വിറ്റത്. ഈ ചെയിനുകളില്‍ നിന്ന് മാത്രം 1,17,000 ടിക്കറ്റുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്. അതേസമയം അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 7.5 കോടി നേടിയെന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ അറിയിച്ചിരിക്കുന്നത്. 

സമീപകാലത്ത് പ്രീ റിലീസ് ബുക്കിംഗില്‍ ശോഭിച്ച ഒരു ചിത്രത്തെ 24 മണിക്കൂറിലെ ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിംഗ് കൊണ്ടുതന്നെ പഠാന്‍ മറികടന്നിട്ടുണ്ട്. 1,15,000 ടിക്കറ്റുകളാണ് ദൃശ്യം 2 റിലീസിനു മുന്‍പ് വിറ്റഴിച്ചത്. കൊവിഡ് കാലത്തിന് ശേഷം പ്രീ റിലീസ് ടിക്കറ്റ് ബുക്കിംഗില്‍ മുന്നിലുള്ളത് മറ്റ് മൂന്ന് ചിത്രങ്ങളാണ്. 83, ബ്രഹ്‍മാസ്ത്ര, കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവയാണ് അവ. 83 വിറ്റഴിച്ചത് 1,29,000 ടിക്കറ്റുകള്‍ ആയിരുന്നെങ്കില്‍ ബ്രഹ്‍മാസ്ത്ര 3,04,000 ടിക്കറ്റുകളും കെജിഎഫ് ചാപ്റ്റര്‍ 2 വിറ്റഴിച്ചത് 5,05,000 ടിക്കറ്റുകളുമാണ്. അതേസമയം അഞ്ച് ദിവസത്തെ പ്രീ റിലീസ് ബുക്കിംഗ് കൂടി ശേഷിക്കുന്നുണ്ട് പഠാന്. ഇതിലൂടെ ചിത്രം ബ്രഹ്‍മാസ്ത്രയെയും കെജിഎഫ് 2 നെയുമൊക്കെ മറികടക്കുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. 

ALSO READ : 'നിങ്ങളുടെ റിവ്യൂസ് വായിച്ചുകൊണ്ടേയിരിക്കുന്നു'; 'നന്‍പകല്‍' സ്വീകരിച്ച പ്രേക്ഷകരോട് മമ്മൂട്ടി

ട്രേഡ് അനലിസ്റ്റ് സുമിത് കദേലിന്‍റെ പ്രവചനമനുസരിച്ച് ചിത്രം നേടുന്ന ഓപണിംഗ് കളക്ഷന്‍ 25 കോടിക്ക് മുകളില്‍ ആയിരിക്കും. തിയറ്റര്‍ ഉടമ അക്ഷയ് രതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത് പ്രകാരം ചിത്രം നേടാനിരിക്കുന്ന ഓപണിംഗ് 35 കോടി- 45 കോടി നിലവാരത്തിലാണ്.

Follow Us:
Download App:
  • android
  • ios