ബുധനാഴ്ച റിലീസ് ചെയ്യപ്പെട്ടതിനാല്‍ അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്

കരിയറില്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഒരു ഇടവേളയെടുക്കാന്‍ ഷാരൂഖ് ഖാന്‍ തീരുമാനിച്ചത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അക്കാലയളവിനിടെ അദ്ദേഹം എത്രയെത്ര തിരക്കഥകള്‍ കേട്ടിരിക്കണം? വര്‍ഷങ്ങളെടുത്തു ഒരു ചിത്രം പ്രഖ്യാപിക്കാന്‍. അത് തിയറ്ററുകളിലേക്ക് എത്താന്‍ പിന്നെയും ദീര്‍ഘകാലം. എന്നാല്‍ പഠാന്‍ ഷാരൂഖിന് ഇത്ര വലിയ തിരിച്ചുവരവ് നല്‍കുമെന്ന് നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് പോലും കരുതിക്കാണില്ല. കൊവിഡ് കാലത്തിനു ശേഷം ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ഒരു ബോളിവുഡ് ചിത്രത്തിന് കാണികള്‍ തിക്കിത്തിരക്കുന്നത് ഇത് ആദ്യമായാണ്. തിരിച്ചുവരവില്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും സ്വന്തമാക്കുകയാണ് ഷാരൂഖ് ഖാന്‍. ഏത് താരവും കൊതിക്കുന്ന കളക്ഷനാണ് പഠാനിലൂടെ അദ്ദേഹം നേടിക്കൊണ്ടിരിക്കുന്നത്.

ബുധനാഴ്ച റിലീസ് ചെയ്യപ്പെട്ടതിനാല്‍ തന്നെ അഞ്ച് ദിനങ്ങളിലെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ മികച്ച അഭിപ്രായം പ്രവഹിച്ചതോടെ റിലീസ് ദിനം മുതല്‍ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്. അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ അതില്‍ നാല് ദിവസങ്ങളിലും 50 കോടി പിന്നിട്ടിട്ടുണ്ട് ചിത്രം. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിനും അവകാശപ്പെടാനാവാത്ത നേട്ടം. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ദിവസേനയുള്ള കളക്ഷന്‍ ഇപ്രകാരമാണ്- ബുധന്‍- 55 കോടി, വ്യാഴം- 68 കോടി, വെള്ളി- 38 കോടി, ശനി- 51.50 കോടി, ഞായര്‍- 60-62 കോടി. അതേസമയം ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 429 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. 

ALSO READ : കഴിഞ്ഞ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ 10 മലയാള സിനിമകള്‍

Scroll to load tweet…
Scroll to load tweet…

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.