മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തിയ മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയത്
മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ച് എത്തുന്ന ചിത്രം. പേട്രിയറ്റ് എന്ന ചിത്രത്തിന് പ്രീ റിലീസ് ഹൈപ്പ് ലഭിക്കാന്‍ ഈ ഘടകം മാത്രം മതിയായിരുന്നു. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷകാവേശം കൂട്ടുന്ന വേറെയും ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിങ്ങനെ നീളുന്ന താരനിര, ഒപ്പം ടേക്ക് ഓഫും മാലിക്കും സി യു സൂണുമൊക്കെ ഒരുക്കിയ മഹേഷ് നാരായണന്‍ എന്ന സംവിധായകനും. ആഗോള വ്യാപകമായി ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം എന്നതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷാഭാരം പേറിയെത്തിയ ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തെക്കുറിച്ച് തങ്ങള്‍ക്കുള്ള ഒരു ചെറിയ പേടി അതാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ചിത്രത്തില്‍ ഉള്ളതും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും രണ്ടാകുമോ എന്നതായിരുന്നു റിലീസിന് മുന്‍പ് മമ്മൂട്ടി പങ്കുവെച്ച ഭയം. തങ്ങള്‍ പ്രതീക്ഷിച്ച തരത്തിലുള്ള മാസ് രംഗങ്ങള്‍ ചിത്രത്തില്‍ കുറവാണെന്ന് ആദ്യ ഷോകള്‍ക്കിപ്പുറം അഭിപ്രായപ്പെട്ട താരാരാധകര്‍ ഉണ്ടായിരുന്നു. അതേസമയം ഉള്ളടക്കത്തിന് പ്രാധാന്യം കൊടുക്കുന്ന മഹേഷ് നാരായണനില്‍ നിന്ന് മികച്ച അനുഭവമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് അഭിപ്രായപ്പെട്ട സിനിമാസ്വാദകരും ഉണ്ടായിരുന്നു. ഏതായാലും സമ്മിശ്ര അഭിപ്രായങ്ങളൊന്നും ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷനെ ബാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം പേട്രിയറ്റ് ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 8.30 കോടിയാണ്. ആദ്യ കണക്കുകളാണ് ഇത്. ഫൈനല്‍ ഫിഗറില്‍ അല്‍പസ്വല്‍പം മാറ്റം ഉണ്ടായേക്കാം. കേരള ബോക്സ് ഓഫീസില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് പേട്രിയറ്റ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്ന ഒടിയനെ മറികടന്നാണ് ഈ നേട്ടം. 7.25 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഓപണിംഗ്. അതേസമയം കേരളത്തില്‍ ഒരു മലയാള ചിത്രത്തിനുള്ള റെക്കോര്‍ഡ് ഓപണിംഗ് എമ്പുരാന്‍റെ പേരിലാണ്. 14.07 കോടി ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന കേരള കളക്ഷന്‍. മറുഭാഷാ ചിത്രങ്ങളും എടുത്താല്‍ കേരളത്തില്‍ ആദ്യ ദിനം 12 കോടി നേടിയ വിജയ് ചിത്രം ലിയോ ആണ് രണ്ടാം സ്ഥാനത്ത്.



