ഒന്നര മാസം മുൻപ് അന്തരിച്ച അസമീസ് കലാകാരന്‍ സുബീൻ ഗാർഗിന്‍റെ അവസാന ചിത്രമായ 'റോയി റോയി ബിനാലെ' കാണാൻ തിയേറ്ററുകളിലേക്ക് ജനം ഇരച്ചെത്തുന്നു.

ജനത്തിന് വൈകാരികമായ അടുപ്പമുള്ള ചില കലാകാരന്മാരും രാഷ്ട്രീയ നേതാക്കളുമുണ്ട്. അവരുടെ വിയോഗ സമയങ്ങളില്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള സ്വാധീനത്തിന്‍റെ വ്യാപ്തി ഒരിക്കല്‍ക്കൂടി വ്യക്തമാവും. ഇപ്പോഴിതാ അത്തരത്തിലുള്ള വൈകാരികതയാല്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ഒരു അസമീസ് സിനിമ. ഒന്നര മാസം മുന്‍പ് മരണപ്പെട്ട സുബീന്‍ ഗാര്‍ഗ് നായകനാവുന്ന റോയി റോയി ബിനാലെ എന്ന ചിത്രം കാണാനാണ് ഗുവാഹത്തിയിലെ തിയറ്ററുകളിലേക്ക് ജനം ഇരച്ചെത്തുന്നത്. രാജേഷ് ഭുയന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 31 ന് ആയിരുന്നു. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

ഗായകന്‍, സംഗീത സംവിധായകന്‍, പാട്ടെഴുത്തുകാരന്‍, സംഗീതോപകരണ വാദകന്‍, നടന്‍, സംവിധായകന്‍, കവി എന്നിങ്ങനെ അസമീസ് ജനതയെ സംബന്ധിച്ച് ഒരു സാസ്കാരിക മുഖമായിരുന്നു സുബീന്‍ ഗാര്‍ഗ്. അസമീസ് സിനിമയുടെ ചരിത്രത്തിലെ ആദ്യ മ്യൂസിക്കല്‍ എന്ന് വലിയ ആവേശത്തോടെ സുബീന്‍ മുന്‍പ് വിശേഷിപ്പിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ റിലീസിന് ഒന്നര മാസം മുന്‍പ് സെപ്റ്റംബര്‍ 19 ന് അദ്ദേഹം സിംഗപ്പൂരില്‍ വച്ച് മരണപ്പെടുകയായിരുന്നു. സിംഗപ്പൂരിലെ ഒരു ദ്വീപില്‍ നീന്തലിനിടെ ആയിരുന്നു അപ്രതീക്ഷിത വിയോഗം.

Scroll to load tweet…

സുബീന്‍ ഗാര്‍ഗ് ഏറ്റവും കാത്തിരുന്ന ഒരു റിലീസിന് അദ്ദേഹം ഉണ്ടാവില്ല എന്നത് അസമീസ് പ്രേക്ഷകര്‍ക്ക് വൈകാരികമായ ഒരു വേദനയായിരുന്നു. ആ വൈകാരികത തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയതോടെ അസമീസ് സിനിമ അപൂര്‍വ്വമായി മാത്രം സാക്ഷ്യം വഹിക്കുന്ന ജനപ്രവാഹത്തിനാണ് തിയറ്ററുകള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ റിലീസ് സെന്‍ററുകള്‍ക്ക് മുന്നില്‍ പ്രേക്ഷകരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. 4.30 ന് ആദ്യ ഷോകളും ആരംഭിച്ചു. ഒരു അസമീസ് ചിത്രത്തിന്‍റെ ഫസ്റ്റ് ഷോ ആദ്യമായാണ് നേരം വെളുക്കുന്നതിന് മുന്‍പ് നടക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ലിമിറ്റഡ് റിലീസ് ഉള്ള ചിത്രം ആദ്യ ദിനം നേടിയത് 1.85 കോടി ആയിരുന്നു. രണ്ടാം ദിനം 2 കോടിയും മൂന്നാം ദിനം 2.28 കോടിയും ചിത്രം നേടി. അങ്ങനെ മൂന്ന് ദിനം കൊണ്ടുള്ള ഇന്ത്യ ഗ്രോസ് കളക്ഷന്‍ 7.05 കോടി ആയി.

ഇന്ത്യയിലെ ചെറിയ ഫിലിം ഇന്‍ഡസ്ട്രികളിലൊന്നാണ് ജോളിവുഡ് എന്ന് അറിയപ്പെടുന്ന അസമീസ് സിനിമ. അസമീസ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം 15.75 കോടി ഗ്രോസ് നേടിയിട്ടുള്ള ബിദുര്‍ഭായ് എന്ന ചിത്രമാണ്. മൂന്ന് ദിവസത്തെ കളക്ഷനോടെ റോയി റോയി ബിനാലെ അസമീസ് സിനിമയിലെ എക്കാലത്തെയും മികച്ച ആറാമത്ത കളക്ഷനാണ് നേടിയിരിക്കുന്നത്. തിയറ്ററുകളിലേക്കുള്ള ഈ ഒഴുക്ക് തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അസമീസ് സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷനും ഈ ചിത്രം സ്വന്തം പേരിലാക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്