Asianet News MalayalamAsianet News Malayalam

തീയേറ്ററുകളില്‍ പ്രേക്ഷകര്‍ സ്വീകരിച്ചോ 'പിഎം നരേന്ദ്ര മോദി'യെ? റിലീസ് ദിനത്തില്‍ നേടിയത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് തൊട്ടുപിറ്റേന്ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറവാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
 

pm narendra modi first day collection
Author
Mumbai, First Published May 25, 2019, 12:30 PM IST

പൊളിറ്റിക്കല്‍ ബയോപിക്കുകള്‍ പ്രചരണത്തിനുള്ള പുതിയ മാര്‍ഗ്ഗമായി തിരിച്ചറിയപ്പെട്ട തെരഞ്ഞെടുപ്പാണ് കടന്നുപോയത്. മന്‍മോഹന്‍ സിംഗിന്റെയും (ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍) ബാല്‍ താക്കറെയുടെയും (താക്കറെ) വൈഎസ് രാജശേഖര റെഡ്ഡിയുടെയും (യാത്ര) ജീവചരിത്രചിത്രങ്ങളേക്കാള്‍ പക്ഷേ വാര്‍ത്തകളില്‍ നിറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി'യാണ്. തെരഞ്ഞെടുപ്പിനിടെ ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ച ചിത്രം പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കുകയായിരുന്നു. ഇപ്പോഴിതാ, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന് (24 വെള്ളി) തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തുവരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് തൊട്ടുപിറ്റേന്ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറവാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു പ്രചരണചിത്രമല്ലെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും പ്രേക്ഷകര്‍ അത്തരത്തില്‍ വിലയിരുത്തിയതാവും ഈ തണുപ്പന്‍ പ്രതികരണത്തിന് പിന്നിലെന്നൊക്കെ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍ വന്നു. തെരഞ്ഞെടുപ്പിന് മുന്‍പെത്തിയ പൊളിറ്റിക്കല്‍ ബയോപിക്കുകളില്‍ മമ്മൂട്ടി നായകനായ 'യാത്ര' ഒഴികെ ഒരു ചിത്രവും ബോക്‌സ്ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന വിവരവും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ ആദ്യ പ്രദര്‍ശനങ്ങളില്‍ പ്രേക്ഷകര്‍ കുറവായിരുന്നെങ്കിലും ചിത്രം അമ്പേ വീണില്ലെന്ന മട്ടിലാണ് ഇപ്പോള്‍ പുറത്തുവരുന്ന ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍.

pm narendra modi first day collection

ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത്, വിവേക് ഒബ്‌റോയ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം റിലീസ് ദിനത്തില്‍ അഞ്ച് കോടിയോളം നേടിയിരിക്കാമെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇത് നിര്‍മ്മാതാക്കളോ ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളോ സ്ഥിരീകരിച്ച സംഖ്യയല്ല. വൈകാതെ കൂടുതല്‍ വിശ്വസനീയമായ കണക്കുകള്‍ പുറത്തുവന്നേക്കും. അതേസമയം ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് കണ്ടവര്‍ ട്വിറ്ററില്‍ പങ്കുവെക്കുന്നത്.

ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് ജോഷിയാണ് അമിത് ഷായുടെ വേഷത്തില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios