ജി ആർ ഇന്ദുഗോപന്‍റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻമാൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി സംസ്ഥാന അവാര്‍ഡുകള്‍ കലാസംവിധായകന്‍ ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പൊന്‍മാന്‍. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ഷോയ്ക്ക് ശേഷം ലഭിച്ചത്. 

ജി ആർ ഇന്ദുഗോപന്‍റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജേഷ് പി പി എന്ന കഥാപാത്രമായാണ് ബേസില്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നത്. ബേസിലിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമെന്ന് പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 
ഇതുവരെ അവതരിപ്പിച്ചവയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇതാണെന്ന് ബേസിലും റിലീസിന് മുന്നോടിയായി പറഞ്ഞിരുന്നു. ഇന്ദുഗോപന്‍റെ രചനകളെ ആസ്പദമാക്കി ഇതുവരെ ഒരുങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചത് എന്നാണ് ഒരു കമന്‍റ്. സനു ജോണ്‍ വര്‍ഗീസിന്‍റെ ഛായാഗ്രഹണത്തിനും ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതത്തിനും കൈയടി ലഭിക്കുന്നുണ്ട്. 

ഒപ്പം ചിത്രത്തിന്‍റെ കുറഞ്ഞ ദൈര്‍ഘ്യവും പ്ലസ് ആയെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. 2 മണിക്കൂര്‍ 7 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സജിന്‍ ഗോപുവിന്‍റെ പ്രകടനത്തിനും കൈയടി ലഭിക്കുന്നുണ്ട്.

അതിനിടയില്‍ ചിത്രത്തിന്‍റെ ആദ്യദിന ഇന്ത്യന്‍ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. സിനിമ ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം 0.75 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം ലഭിച്ചതിനാല്‍ വെള്ളിയാഴ്ചയും വാരാന്ത്യത്തിലും മികച്ച കളക്ഷന്‍ തന്നെ ചിത്രം പ്രതീക്ഷിക്കുന്നുണ്ട്. 

ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പോല്‍, രാജേഷ് ശർമ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

എങ്ങനെയുണ്ട് 'പൊന്‍മാന്‍'? ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

തനി തങ്കം ഈ 'പൊൻമാൻ' - റിവ്യൂ