Asianet News MalayalamAsianet News Malayalam

മലയാള സിനിമയ്ക്ക് ഇത് 'ഫാബുലസ് ഫെബ്രുവരി' ; തീയറ്ററുകള്‍ പൂരപ്പറമ്പ്, തുടര്‍ച്ചയായി 50 കോടി കിലുക്കം.!

ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 17.81 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. 

premalu bramayugam now manjummel boys malayalam industry got back to back box office hits in february vvk
Author
First Published Feb 23, 2024, 3:51 PM IST

കൊച്ചി: തീയറ്ററുകള്‍ പൂരപ്പറമ്പ് ആകുക എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ സത്യമാകുന്ന ഒരു മാസത്തിലൂടെയാണ് മലയാള സിനിമ കടന്നു പോകുന്നത്. ഫെബ്രുവരിയിലെ തുടര്‍ച്ചയായ ആഴ്ചകളില്‍ ഇറങ്ങിയ ചിത്രങ്ങളുടെ കളക്ഷന്‍ തന്നെ നൂറുകോടിക്ക് അടുത്ത് എത്തുന്നു. കേരളത്തിലെ സ്ക്രീനുകളില്‍ തന്നെ മികച്ച കളക്ഷന്‍ ലഭിക്കുന്നു. ഗ്രോസില്‍ മൂന്നോളം പടങ്ങള്‍ 50 കോടി ക്ലബിലേക്ക് കടക്കുന്നു ശരിക്കും ഈ മാസ മലയാള സിനിമയുടെ 'ഫാബുലസ് ഫെബ്രുവരി' ആകുകയാണ്. 

നസ്ലിന്‍, മമിത എന്നിവരെ നായിക നായകന്മാരാക്കി ഗിരീഷ് എ‍ഡി സംവിധാനം ചെയ്ത പ്രേമലു തീയറ്ററില്‍ എത്തിയത് ഫെബ്രുവരി 9നാണ്. ഒരു റോം കോം ചിത്രം അപ്രതീക്ഷിത ഹിറ്റാണ് മലയാളത്തില്‍ സൃഷ്ടിച്ചത്. ആദ്യ ആഴ്ചയില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ കയറിവന്ന ചിത്രം രണ്ടാം ആഴ്ച എത്തിയപ്പോള്‍ ബോക്സോഫീസില്‍ ഗംഭീര പ്രകടനമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍ മാത്രം ചിത്രം പതിനാല് ദിവസത്തില്‍ 27.35 കോടി നേടിയെന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 2024 ലെ മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരിക്കുകയാണ് പ്രേമലു.

മലയാളത്തില്‍ അടുത്തകാലത്ത് നടത്തിയ ഏറ്റവും വ്യത്യസ്തമായ പരീക്ഷണ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആന്‍റ് വൈറ്റില്‍ എത്തിയ ഹൊറര്‍ ചിത്രമായ ഭ്രമയുഗം മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിലൂടെയാണ് ശ്രദ്ധേയമായത്. ഒപ്പം അര്‍ജുന്‍ അശോകനും, സിദ്ധാര്‍ത്ഥ് ഭരതനും മികച്ച പ്രകടനം  രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തില്‍ പുറത്തെടുത്തു. ഈ ചിത്രത്തില്‍ നടത്തിയ പരീക്ഷണം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 

ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 17.81 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. 8 ദിവസത്തിലാണ് ഈ നേട്ടം. ആഗോള തലത്തില്‍ ഈ വര്‍ഷത്തെ  മലയാളത്തിലെ രണ്ടാമത്തെ 50 കോടി കളക്ഷന്‍ ചിത്രം എന്ന നിലയിലേക്ക് ഭ്രമയുഗം കുതിക്കുന്നുണ്ട്. അതേ സമയം മലയാളത്തിന് പുറമേ അന്യഭാഷകളില്‍ നിന്നും ഗംഭീര അഭിപ്രായം ഭ്രമയുഗം നേടുന്നു എന്നയിടത്താണ് ചിത്രം വ്യത്യസ്തമാകുന്നത്. 

ടൊവിനോ തോമസ് പൊലീസ് വേഷത്തില്‍ എത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തൂ എന്ന ചിത്രവും കഴിഞ്ഞ ഫെബ്രുവരി 9ന് റിലീസ് ആയിരുന്നു. ഒരു പിരീയിഡ് പൊലീസ് സ്റ്റോറിയായ ചിത്രം അതിന്‍റെ വ്യത്യസ്തയാല്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിലെ കാലഘട്ടത്തിന്‍റെ അവതരണവും കഥാപാത്രങ്ങളുടെ പ്രകടനവും നിരൂപക പ്രശംസ അടക്കം നേടിയെങ്കിലും ഹിറ്റ് ചിത്രങ്ങള്‍ക്കിടയില്‍ പെട്ടതിനാല്‍ അതിനൊത്ത കളക്ഷന്‍ ചിത്രം ഉണ്ടാക്കിയില്ല. എങ്കിലും ഭേദപ്പെട്ട കളക്ഷനാണ് ഉണ്ടാക്കിയത്. ആദ്യ ആഴ്ചയില്‍ അന്വേഷിപ്പിൻ കണ്ടെത്തുമിന് ആഗോള തലത്തില്‍ 10 കോടി രൂപയിലധികം നേടാനായിട്ടുണ്ട് എന്ന്  ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. 

പിന്നീടാണ് ഫെബ്രുവരി 22ന് മഞ്ഞുമ്മല്‍ ബോയ്സ് തീയറ്ററില്‍ എത്തിയത്. 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിനെ വീണ്ടും സ്ക്രീനില്‍ അവതരിപ്പിച്ച യൂത്ത് പടം ഗംഭീരമായ വിജയത്തിലേക്ക് നീങ്ങുന്നു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ലീസിന് മഞ്ഞുമ്മല്‍ ബോയ്‍സ് 3.35 കോടി രൂപയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടി എന്നും അര്‍ദ്ധരാത്രിയില്‍ ഷോ വര്‍ദ്ധിപ്പിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 സിനിമാ കാഴ്‍ചയില്‍ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് അഭിപ്രായങ്ങള്‍. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് റിലീസിനേ റിപ്പോര്‍ട്ടുകളുണ്ടായി. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ചതും ചിത്രത്തിന്‍റെ കളക്ഷന്‍ 50 കോടി കടന്നേക്കാം എന്ന സാധ്യതയാണ് തുറന്നിടുന്നത്. 

മലയാള സിനിമയില്‍ 200 ലേറെ പടങ്ങള്‍ ഇറങ്ങി വിരലില്‍ എണ്ണാവുന്ന ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച വര്‍ഷമായിരുന്നു 2023. അതിനാല്‍ തന്നെ വര്‍ഷാവസാനം വലിയ നഷ്ടകണക്കുകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ ഇതുവരെ തന്നെ മൂന്ന് വലിയ ഹിറ്റുകള്‍ ഉണ്ടായിരിക്കുന്നു. പ്രേക്ഷകര്‍ വീണ്ടും തീയറ്ററില്‍ എത്തുന്നു. ഇത്തരം ഒരു അവസ്ഥയില്‍ മലയാള സിനിമ ഫെബ്രുവരി മാസത്തെ ഫാബുലസ് ഫെബ്രുവരി എന്ന് വിശേഷിപ്പിക്കുകയാണ്. തുടര്‍ച്ചയായ ഹിറ്റുകള്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കും ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. 

'മഞ്ഞുമ്മല്‍ ബോയ്സ്' ഗംഭീര ബോയ്സ്; 'ഇത് വെറും സൗഹൃദം അല്ല അതിലും പുനിതമാനത്': റിവ്യൂ

അന്ന് ആള്‍കൂട്ടത്തിലൊരുവന്‍; ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രേമലു നായകന്‍.!

Follow Us:
Download App:
  • android
  • ios