ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍റെ മൂല്യം വര്‍ധിപ്പിക്കുന്ന വിജയം

പ്രിയദര്‍ശന്‍ എന്ന സംവിധായകനെ സിനിമാപ്രേമികള്‍ കണ്ടറിയാന്‍ തുടങ്ങിയിട്ട് നീണ്ട നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും കാലത്തിനൊപ്പം മാറി, ക്രിയേറ്റിവിറ്റി നിലനിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. തന്‍റെ സമകാലികര്‍ ആയിരുന്നവരില്‍ ഭൂരിപക്ഷവും സജീവമല്ലാത്ത കാലത്ത് പ്രിയന്‍ ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ചെയ്യുന്നുവെന്ന് മാത്രമല്ല, ഇപ്പോഴിതാ ഇത്രയും നീണ്ട കരിയറില്‍ ബോക്സ് ഓഫീസില്‍ ഒരു നാഴികക്കല്ല് ആദ്യമായി പിന്നിട്ടിരിക്കുകയുമാണ് അദ്ദേഹം. എന്നാല്‍ അത് മലയാളത്തിലല്ല, ഹിന്ദിയില്‍ ആണെന്ന് മാത്രം. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഭൂത് ബം​ഗ്ല എന്ന ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്‍ ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ബോളിവുഡിന് ചിരിയുടെ ഒരു പുതിയ ഭാഷ സമ്മാനിച്ച കോമ്പിനേഷനാണ് അക്ഷയ് കുമാര്‍- പ്രിയദര്‍ശന്‍. മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകളായ പല കോമഡി ചിത്രങ്ങളുടെയും റീമേക്കുകളാണ് അദ്ദേഹം ഹിന്ദിയില്‍ ചെയ്തതെങ്കിലും അത് വെറും റീമേക്കുകള്‍ അല്ലായിരുന്നു. മറിച്ച് ഉത്തരേന്ത്യന്‍ മണ്ണിന്‍റെ സാംസ്കാരികമായ മാറ്റങ്ങളും പ്രാദേശികതയും ഒക്കെ ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രങ്ങളായിരുന്നു. അവയുടെ വലിയ ജനപ്രീതിക്ക് കാരണവും അത് തന്നെ. ഏപ്രില്‍ 17 ന് തിയറ്ററുകളില്‍ എത്തിയ ഭൂത് ബം​ഗ്ല ഹൊറര്‍ കോമഡി ​ഗണത്തില്‍ പെടുന്ന ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. കൃത്യം കണക്ക് പറഞ്ഞാല്‍ 203.65 കോടി. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയര്‍ ഉള്ള പ്രിയദര്‍ശന് ബോക്സ് ഓഫീസില്‍ ആദ്യ 100 കോടി ക്ലബ്ബും സമ്മാനിച്ചത് ഈ ചിത്രം തന്നെയാണ്. ഇപ്പോഴിതാ അത് 200 കോടിയും പിന്നിട്ടിരിക്കുന്നു. പ്രിയദര്‍ശന്‍ വലിയ വിജയങ്ങള്‍ നേടിയത് വൈഡ് റിലീസിം​ഗിനും മുന്‍പ് മറ്റൊരു കാലത്താണ് എന്നതാണ് ഈ നേട്ടത്തിലേക്ക് എത്താന്‍ അദ്ദേഹം വൈകിയതിന്‍റെ കാരണം. തന്‍റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിജയങ്ങള്‍ ഇല്ലാത്ത അക്ഷയ് കുമാറിന് ഭൂത് ബം​ഗ്ലയുടെ വിജയം വലിയ ആത്മവിശ്വാസം നല്‍കുമെന്നത് ഉറപ്പാണ്. പ്രിയദര്‍ശനെ സംബന്ധിച്ച് കരിയറിന്‍റെ ഈ ഘട്ടത്തില്‍ ബോളിവുഡില്‍ അദ്ദേഹത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്ന വിജയവുമാണ് ഇത്.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD Live News