പ്രേമലു തെലുങ്ക് വെർഷൻ മാർച്ച് 8ന് റിലീസ് ചെയ്യും.
ഒരുകാലത്ത് തമിഴ് നാട്ടിൽ മലയാള സിനിമയെ അഡൽസ് ഒൺലി ചിത്രങ്ങൾ എന്ന് വിളിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതിന് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി ആണെന്ന് ഉർവശി, മേനക അടക്കമുള്ളവർ തുറന്നു പറഞ്ഞിരുന്നു. ഈ വിളിക്ക് ഒരുമാറ്റം വന്നിരുന്നുവെങ്കിലും തെന്നിന്ത്യൻ സിനിമകളെ പോലെ കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് അന്യം തന്നെ ആയിരുന്നു. 50, 100, 150 കോടി ഒരു സിനിമ കളക്ട് ചെയ്യുക എന്നത് മലയാളത്തിന് സ്വപ്നം പോലെ ആയിരുന്നുവെന്നാണ് നിരൂപകർ പറയാറ്. ഒടുവിൽ മോഹൻലാലിന്റെ പുലിമുരുകനിലൂടെ കോടി ക്ലബ്ബും മലയാളത്തിന് സ്വന്തമായി.
എങ്കിലും ഇതര ഭാഷയിൽ, അല്ലെങ്കിൽ സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള സിനിമകൾക്ക് കളക്ഷൻ തീരെ കുറവായിരുന്നു. അതായത് ഇരട്ട അക്കത്തിലേക്കുള്ള ഗ്രോസ് കളക്ഷനുകൾ മോളിവുഡിന് അത്യപൂർവം ആയിരുന്നു എന്നത് വ്യക്തം. ഇതിന് ഒരു മാറ്റം കൊണ്ടുവന്നത് മലയാളത്തിന്റെ ഒരു സൂപ്പർ സ്റ്റാർ ആണ്. മറ്റാരുമല്ല ദ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്നെ. 2016ൽ ആയിരുന്നു ഇത്.
ആ വർഷം ആയിരുന്നു വൈശാഖിന്റെ സംവിധാനത്തിൽ പുലിമുരുകൻ റിലീസ് ചെയ്യുന്നത്. കേരളത്തിൽ തരംഗം തീർത്ത ചിത്രം ഒടുവിൽ തെലുങ്കിൽ ഇരട്ട അക്കം ക്രോസ് ചെയ്തുവെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം 13.5 കോടിയാണ് തെലുങ്കിൽ നിന്നും മോഹൻലാൽ ചിത്രം നേടിയത്.

പുലിമുരുകന് ശേഷം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' ആണ്. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽ നിന്നും ചിത്രം 10 കോടി കളക്ഷൻ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഇവർക്കൊപ്പം വരുന്നത് പ്രേമലു ആണ്. നസ്ലെൻ നായകനായി എത്തിയ ചിത്രത്തിന്റെ തെലുങ്ക് വെർഷൻ മാർച്ച് 8ന് റിലീസ് ചെയ്യും. പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ് എന്നിവർക്കൊപ്പം പ്രേമലുവും ഇതര ഭാഷയിൽ രണ്ടക്കം കടക്കുമെന്നാണ് വിലയിരുത്തലുകൾ. പ്രേമലു ഈ വിജയം ആവർത്തിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
