സുകുമാര്‍ സംവിധാനം ചെയ്‍ത ചിത്രം

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എസ് എസ് രാജമൗലി ചിത്രം ബാഹുബലി 2 നെ ആഗോള കളക്ഷനില്‍ മറികടന്ന് പുഷ്പ 2. 32 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1831 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. 1750- 1800 റേഞ്ചില്‍ ആയിരുന്നു ബാഹുബലി 2 ന്‍റെ ലൈഫ് ടൈം ഗ്രോസ്. ഇതാണ് വെറും 32 ദിവസം കൊണ്ട് സുകുമാറിന്‍റെ അല്ലു അര്‍ജുന്‍ ചിത്രം മറികടന്നിരിക്കുന്നത്. ഇന്ത്യൻ സിനിമയില്‍ അതിവേഗം 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരുന്നു നേരത്തേതന്നെ പുഷ്പ 2. ഇനി ഒരേയൊരു ചിത്രമാണ് കളക്ഷനില്‍ പുഷ്‍പയ്ക്ക് മുന്നില്‍ ഉള്ളത്. ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആണ് അത്. 

'പുഷ്പ' ആദ്യ ഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. 6 ദിവസം കൊണ്ട് ചിത്രം ആയിരം കോടി കളക്ഷൻ സ്വന്തമാക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയിരുന്നു. റിലീസായി 2 ദിവസം കൊണ്ട് 500 കോടി ആഗോള ബോക്സോഫീസ് കളക്ഷനും ചിത്രം നേടിയിരുന്നു. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 

തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കമാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിട്ടിരുന്നത്. അത് ഏറെ ഫലം കണ്ടു എന്നാണ് കളക്ഷൻ സൂചിപ്പിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. 

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ALSO READ : തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് 'മാര്‍ക്കോ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം