സണ്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

തമിഴ് സിനിമ എന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. തൊട്ടതെല്ലാം ബോക്സ് ഓഫീസില്‍ പൊന്നാക്കിയ അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രം ഒരു ദിവസത്തിന് അപ്പുറം തിയറ്ററുകളില്‍ എത്തുകയാണ്. ലോകേഷിന്‍റെ ഫ്രെയ്മിലേക്ക് രജനികാന്ത് ആദ്യമായി എത്തുന്ന കൂലിയാണ് ആ ചിത്രം. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി പ്രോജക്റ്റുമായി ബന്ധപ്പെട്ട കൗതുകകരമായ പല വിവരങ്ങളും പുറത്തെത്തുന്നുണ്ട്. അത് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുമുണ്ട്. ചിത്രത്തിലെ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലമാണ് അതിലൊന്ന്.

ചിത്രത്തില്‍ രജനികാന്തും ലോകേഷ് കനകരാജും വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തെത്തിയിരുന്നു. പുതിയ റിപ്പോര്‍ട്ടുകളില്‍ മറ്റ് പ്രധാന താരങ്ങളൊക്കെ വാങ്ങുന്ന പ്രതിഫലം ഉണ്ട്. വന്‍ താരനിരയുമായി എത്തുന്ന ചിത്രത്തില്‍ സ്വാഭാവികമായും രജനികാന്തിന് തന്നെയാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം. 200 കോടിയാണ് രജനി ചിത്രത്തിന് വാങ്ങുന്നത്. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് രജനിക്ക് ആദ്യം നല്‍കാന്‍ തീരുമാനിച്ചിരുന്നത് 150 കോടി ആയിരുന്നെന്നും എന്നാല്‍ അഡ്വാന്‍സ് ബുക്കിം​ഗില്‍ ലഭിക്കുന്ന വന്‍ പ്രതികരണം കണ്ടതോടെ ഇത് 200 കോടിയിലേക്ക് ഉയര്‍ത്തിയെന്നും ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനി കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്നത് സംവിധായകന്‍ ലോകേഷ് കനകരാജ് ആണ്. 50 കോടിയാണ് ലോകേഷിന്‍റെ പ്രതിഫലം. ബോളിവുഡ് താരം ആമിര്‍ ഖാന്‍ ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. കേവലം 15 മിനിറ്റ് മാത്രമാണ് ആമിറിന്‍റെ കഥാപാത്രമായ ദഹാ ചിത്രത്തില്‍ ഉള്ളത്. എന്നാല്‍ ആമിറിന് ലഭിക്കുക 20 കോടിയാണ്. സം​ഗീത സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. 15 കോടിയാണ് അനിരുദ്ധിന് ലഭിക്കുക. നാ​ഗാര്‍ജുനയ്ക്ക് 10 കോടിയും സത്യരാജിന് 5 കോടിയും ലഭിക്കും. ഉപേന്ദ്രയ്ക്കും ശ്രുതി ഹാസനും 4 കോടി വീതമാണ് ലഭിക്കുക. 3 കോടിയാണ് പൂജ ഹെ​ഗ്ഡേയ്ക്ക് ലഭിക്കുക. മലയാളി താരം സൗബിന്‍ ഷാഹിറിന് 1 കോടിയാണ് ലഭിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. 14-ാം തീയതിയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News