Asianet News MalayalamAsianet News Malayalam

RRR Box Office : 1000 കോടി പിന്നിട്ട് ആര്‍ആര്‍ആര്‍; ദംഗലിനും ബാഹുബലിക്കും പിന്നാലെ മൂന്നാമത് ഇന്ത്യന്‍ ചിത്രം

മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം

rrr 1000 crore worldwide box office ss rajamouli ram charan jr ntr
Author
Thiruvananthapuram, First Published Apr 10, 2022, 7:52 PM IST

ഇന്ത്യന്‍ സിനിമകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നാണ്. അതില്‍ പ്രധാനമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍ (RRR). ആ പ്രതീക്ഷകള്‍ സാധൂകരിക്കുമെന്ന് ആദ്യദിന കളക്ഷനില്‍ നിന്നുതന്നെ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രം ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ഒരു പ്രധാന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ (1000 Crore club) ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഒരു ഇന്ത്യന്‍ സിനിമ മൂന്നാം തവണയാണ് ഈ സ്വപ്നനേട്ടം സ്വന്തമായിരിക്കുന്നത്. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ചിത്രങ്ങള്‍.

ഇതില്‍ ദംഗലിന്‍റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്‍റേത് 1810 കോടിയും ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ബജ്റംഗി ഭായ്ജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും ആയിരുന്നു. കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷന്‍ ആയിരുന്നു ഇത്. ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ഈ ആദ്യ വാര കളക്ഷന്‍.

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയായിരുന്നു. ഹിന്ദി പതിപ്പ് ആയിരുന്നു ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആദ്യവാരം ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ലോകമാകെ 10,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. 

Follow Us:
Download App:
  • android
  • ios