പ്രഭാസ് നായകനായ 'സാഹോ'യോളം ഹൈപ്പ് കിട്ടിയ ഒരു തെലുങ്ക് ചിത്രം അടുത്തകാലത്തെങ്ങുമില്ല. 'ബാഹുബലി 2: ദി കണ്‍ക്ലൂഷന്' ശേഷമെത്തിയ പ്രഭാസ് ചിത്രം എന്നതുതന്നെ കാരണം. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലുമായി വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ സമ്മിശ്ര അഭിപ്രായമാണ് ആദ്യം ഉയര്‍ന്നത്. 'പ്രതീക്ഷയുടെ അമിതഭാരം' ചിത്രത്തിന് വിനയാകുമോ എന്ന് ട്രേഡ് അനലിസ്റ്റുകളിലും ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ടുകളിലും സംശയമുണര്‍ത്തിയ ദിനം. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ കളക്ഷനില്‍ വലിയ ഇടിവൊന്നും ഉണ്ടാക്കിയില്ലെന്നാണ് ബോക്‌സ്ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് തന്നെ ചിത്രത്തിന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

റിലീസ് ദിനമായ വെള്ളിയാഴ്ച നാല് പതിപ്പുകളില്‍ നിന്നുമായി 'സാഹോ' നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 130 കോടി രൂപയ്ക്ക് മേല്‍ വരുമെന്ന് നിര്‍മ്മാതാക്കള്‍. രണ്ടാംദിനത്തിലെ ആഗോള ഗ്രോസ് കളക്ഷന്‍ 75 കോടിയാണെന്നും നിര്‍മ്മാതാക്കള്‍. അതായത് ആദ്യ രണ്ട് ദിവസംകൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് 'സാഹോ'. രണ്ട് ദിവസം കൊണ്ട് ആകെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 205 കോടി രൂപ.

അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് അന്‍പത് കോടിയോളം വരുമെന്നും കണക്ക് പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്ക് പ്രകാരം 'സാഹോ'യുടെ ഹിന്ദി പതിപ്പ് വെള്ളിയാഴ്ച നേടിയത് 24.40 കോടിയാണ്. രണ്ടാംദിനമായ ശനിയാഴ്ച നേടിയത് 25.20 കോടിയും. അതായത് ഹിന്ദി പതിപ്പ് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത് 49.60 കോടി രൂപ.