പ്രഭാസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സാഹോ'യുടെ നാല് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ആദ്യ നാല് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്.

റിലീസ് ദിനത്തില്‍ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയും നേടിയ ചിത്രം ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ നേടിയ ആഗോള ഗ്രോസ് 330 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍. ബാഹുബലി 1, 2 ചിത്രങ്ങള്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ എത്തുന്ന പ്രഭാസ് ചിത്രമായതിനാല്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു 'സാഹോ'. എന്നാല്‍ ആദ്യഷോകള്‍ക്ക് ശേഷം നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തെ തേടിയെത്തി. എന്നാല്‍ കളക്ഷനെ ബാധിക്കുന്ന തരത്തില്‍ അത്തരം അഭിപ്രായങ്ങള്‍ ചിത്രത്തെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്‌ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍.