17-ാം ദിവസം മാത്രം 8.25 കോടിയാണ് സൈയാര നേടിയത്.
ചില സിനിമകൾ അങ്ങനെയാണ്, സൈലന്റ് ആയി വന്ന് സൂപ്പർ ഹിറ്റായി മാറും. സമീപകാലത്ത് മലയാളത്തിൽ അടക്കം അത്തരത്തിലുള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്. ഈ സിനിമകൾ മറ്റ് ഇന്റസ്ട്രികളിലും ശ്രദ്ധനേടും. അത്തരമൊരു സിനിമയായി മാറിയിരിക്കുകയാണ് സൈയാര എന്ന ഹിന്ദി ചിത്രം. മലയാള സിനിമാസ്വാദകരുടെ ഇടയിൽ അടക്കം ചർച്ചാ വിഷയമായ സൈയാര ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്.
റിലീസ് ചെയ്ത് പതിനേഴ് ദിവസം വരെയുള്ള കളക്ഷനിൽ 579% ലാഭമാണ് സൈയാര നേടിയിരിക്കുന്നത് എന്ന് കോയ്മോയ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതും സൂപ്പർ താരമല്ലാതെ യുവതാരങ്ങൾ കേന്ദ്രകഥാപാത്രമായെത്തിയ സിനിമ. സൺ ഓഫ് സർദാർ 2, ധടക് 2 എന്നീ സിനിമകൾ മത്സരത്തിന് ഉണ്ടായിട്ടും സൈയാരയ്ക്ക് തുടങ്ങിയ സ്റ്റാന്റിൽ തന്നെ നിൽക്കാൻ സാധിച്ചു എന്നതിന് തെളിവാണ് ഈ ലാഭവും. 17-ാം ദിവസം 8.25 കോടിയാണ് സൈയാര നേടിയത്. മൂന്നാം ശനിയാഴ്ച നേടിയ 7 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 18% വളർച്ച.
ഇന്ത്യയിൽ നിന്നും മാത്രം 305.50 കോടിയുടെ വരുമാനം ആണ് സൈയാര നേടിയത്. ഇന്ത്യ ഗ്രോസ് 360.49 കോടിയും.ഇതോടെ ദീപിക പദുക്കോൺ-രൺവീർ സിംഗ് ചിത്രം പദ്മാവത് (300.26 കോടി), സൽമാൻ ഖാന്റെ സുൽത്താൻ(300.45 കോടി) എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷനെ സൈയാര മറികടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഹൃത്വിക് റോഷൻ ചിത്രം വാറിനെ അടക്കം സൈയാര മറികടക്കുമെന്ന് ഉറപ്പാണ്.
മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമയായി ഒരുങ്ങിയ സൈയാര ജൂലൈ 18ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തത് മോഹിത് സൂരി ആണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു പ്രണയ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് സൈയാരയുടേതെന്നാണ് റിപ്പോർട്ടുകൾ.



