ബാഹുബലി പോലെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആഘോഷിക്കപ്പെട്ട തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുള്ള ബോളിവുഡിന്‍റെ മറുപടിയാവുമെന്ന് റിലീസിനു മുന്‍പ് പ്രതീക്ഷയുണര്‍ത്തിയ ചിത്രം

കൊവിഡ് കാലം ലോകമാകെ വലിയ ക്ഷീണമേല്‍പ്പിച്ച മേഖലകളിലൊന്ന് ചലച്ചിത്ര വ്യവസായമായിരുന്നു. തിയറ്ററുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന ചുറ്റുപാടില്‍, മലയാളം പോലം ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ ചലച്ചിത്ര വ്യവസായങ്ങളുമുണ്ടായിരുന്നു. കൊവിഡ് കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കയറിവരുമ്പോള്‍ അതിനു കഴിയാത്ത ഒരു മേഖല ബോളിവുഡ് ആണ്. അക്ഷയ് കുമാറിനെപ്പോലെയുള്ള മിനിമം ഗ്യാരന്‍റിയുള്ള താരത്തിനു പോലും മുന്‍പത്തേതു പോലെയുള്ള വമ്പന്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതുതായി തിയറ്ററുകളില്‍ എത്തുന്ന ചില വലിയ പ്രോജക്റ്റുകളിന്മേല്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ബോളിവുഡ് (Bollywood) വ്യവസായം. പക്ഷേ പരാജയങ്ങളാണ് തുടര്‍ക്കഥയാവുന്നത് എന്നുമാത്രം. ആ ലിസ്റ്റില്‍ ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor) നായകനായ ബിഗ് ബജറ്റ് ചിത്രം ഷംഷേരയാണ് (Shamshera).

ബാഹുബലി പോലെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആഘോഷിക്കപ്പെട്ട തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുള്ള ബോളിവുഡിന്‍റെ മറുപടിയാവുമെന്ന് റിലീസിനു മുന്‍പ് പ്രതീക്ഷയുണര്‍ത്തിയ ചിത്രമായിരുന്നു ഷംഷേര. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‍ത പിരീഡ് ആക്ഷന്‍ ചിത്രം 22ന് ആണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ആദ്യ ഷോകള്‍ക്കു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണങ്ങളാണ് എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഭൂരിഭാഗം പ്രേക്ഷകരും ഒരേ സ്വരത്തില്‍ തള്ളിക്കളഞ്ഞ ചിത്രം ബോക്സ് ഓഫീസിലും തതുല്യമായ പ്രതികരണമാണ് നേടുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ച 10.25 കോടിയും ശനിയാഴ്ച 10.50 കോടിയും നേടിയ ചിത്രത്തിന്‍റെ ഞായറാഴ്ചത്തെ കളക്ഷന്‍ 11 കോടിയായിരുന്നു. അതായത് റിലീസ് വാരാന്ത്യത്തില്‍ നിന്ന് ആകെ 31.75 കോടി മാത്രം! ബോളിവുഡില്‍ നിന്നുള്ള ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രത്തെ സംബന്ധിച്ച് ഇത് ബോക്സ് ഓഫീസ് തകര്‍ച്ചയാണ്. ഈ വാരത്തില്‍ ചിത്രം ഇതിലും താഴക്കുപോവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

Scroll to load tweet…

രണ്‍ബീര്‍ കപൂര്‍ ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. സഞ്ജയ് ദത്ത് പ്രതിനായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ​ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : രണ്ട് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്‍റെ 'ദേവദൂതർ പാടി'; ഡാൻസ് ഒരു രക്ഷയുമില്ലെന്ന് ആരാധകർ