ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം

ബോളിവുഡ് വ്യവസായം സമീപ വര്‍ഷങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി വലുതാണ്. കൊവിഡ് കാലത്തിന് ശേഷം തെന്നിന്ത്യന്‍ സിനിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചപ്പോള്‍ തകര്‍ച്ച നേരിട്ടത് ബോളിവുഡ് ആണ്. ഈ കാലയളവില്‍ ഷാരൂഖ് ഖാന്‍ ഒഴികെ മറ്റൊരു ബോളിവുഡ് താരത്തിനും തങ്ങളുടെ താരമൂല്യത്തിന് അനുസരിച്ചുള്ള വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ നായകനായ ഈദ് റിലീസ് സിക്കന്ദറിന്‍റെ ഏറ്റവും പുതിയ ഒഫിഷ്യല്‍ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എ ആര്‍ മുരുഗദോസ് ആണ്. രശ്മിക മന്ദാനയാണ് നായിക. നിര്‍മ്മാതാക്കളായ നദിയാദ്‍വാല ഗ്രാന്‍ഡ്സണ്‍ പുറത്തുവിട്ടിരിക്കുന്ന കണക്കനുസരിച്ച് ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 169.78 കോടിയാണ്. സല്‍മാന്‍ ഖാന്‍റെ ഒരു ഈദ് റിലീസിനെ സംബന്ധിച്ച് ആകര്‍ഷകമായ കണക്കുകളല്ല ഇത്.

സമാന കാലയളവുകൊണ്ട് ഒരു മലയാള ചിത്രം ഇതിനേക്കാള്‍ നേടി എന്നതും കൗതുകകരമാണ്. പൃഥ്വിരാജിന്‍റെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അഞ്ച് ദിനങ്ങള്‍ പൂര്‍ത്തിയാക്കും മുന്‍പായിരുന്നു എമ്പുരാന്‍റെ നേട്ടം. സിക്കന്ദര്‍ നേടിയ മോശം പ്രതികരണങ്ങള്‍ സല്‍മാന്‍ ഖാന്‍ ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. തുടര്‍ പരാജയങ്ങള്‍ സല്‍മാന്‍ ഖാനെയും ബാധിക്കുന്നുണ്ട് എന്നതിന്‍റെ തെളിവായിരുന്നു അദ്ദേഹത്തിന്‍റെ സമീപകാല പ്രതികരണങ്ങള്‍. തന്‍റെ ചിത്രം ഇറങ്ങുമ്പോള്‍ ബോളിവുഡിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. ദക്ഷിണേന്ത്യക്കാര്‍ ബോളിവുഡ് ചിത്രങ്ങള്‍ കാണാറില്ലെന്നും ചിത്രത്തിന്‍റെ പ്രൊമോഷന്‍ സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം