'സിതാരെ സമീൻ പർ' ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്നു. റിലീസിന്റെ നാലാം ദിനം 'ലാൽ സിംഗ് ചദ്ദ'യുടെ കളക്ഷൻ മറികടന്നു, ആഗോളതലത്തിൽ 95 കോടി സ്വന്തമാക്കി.
മുംബൈ: ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ നായകനായി എത്തിയ പുതിയ ചിത്രം 'സിതാരെ സമീൻ പർ' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസിന്റെ നാലാം ദിനമായ തിങ്കളാഴ്ചയും മികച്ച കളക്ഷൻ നേടിയ ചിത്രം മണ്‍ഡേ ടെസ്റ്റ് പാസായി എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ആമിർ ഖാന്റെ മുൻ ചിത്രം 'ലാൽ സിംഗ് ചദ്ദ'യുടെ കളക്ഷന്‍ ചിത്രം മറികടന്നു കഴിഞ്ഞു.
'സിതാരെ സമീൻ പർ' ആദ്യ വീക്കെൻഡിൽ തന്നെ 57.6 കോടി രൂപയുടെ ഇന്ത്യാ നെറ്റ് കളക്ഷനും 68 കോടി രൂപയുടെ ഇന്ത്യാ ഗ്രോസ് കളക്ഷനും നേടിയിരുന്നു. വിദേശത്ത് 3 മില്യൺ ഡോളറിന്റെ (ഏകദേശം 28.29 കോടി രൂപ) കളക്ഷനോടെ, മൂന്ന് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 95 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
നാലാം ദിനമായ തിങ്കളാഴ്ച വാരാന്ത്യത്തിന്‍റെ തിരക്കിന് ശേഷം കളക്ഷനിൽ നേരിയ ഇടിവ് ഉണ്ടായെങ്കിലും, 8.4 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി ചിത്രം ശക്തമായ പ്രകടനം കാഴ്ചവച്ചു. ഇതോടെ, ഇന്ത്യയിൽ ആകെ 66 കോടി രൂപയുടെ നെറ്റ് കളക്ഷനിലേക്ക് ചിത്രം എത്തി, 'ലാൽ സിംഗ് ചദ്ദ'യുടെ മൊത്തം ഇന്ത്യൻ കളക്ഷനെ മറികടന്നു.
2007-ൽ പുറത്തിറങ്ങിയ 'താരെ സമീൻ പർ' ആമിർ ഖാന്റെ ഹൃദയസ്പർശിയായ ചിത്രങ്ങളിലൊന്നായിരുന്നു. എന്നാൽ, 'സിതാരെ സമീൻ പർ' ആദ്യ നാല് ദിവസം കൊണ്ട് 'താരെ സമീൻ പർ'ന്റെ മൊത്തം കളക്ഷനെ മറികടന്നു. 2022-ൽ റിലീസ് ചെയ്ത 'ലാൽ സിംഗ് ചദ്ദ'യുടെ ഇന്ത്യൻ ബോക്സ് ഓഫീസ് റെക്കോർഡും ചിത്രം തകർത്തു. ഇന 2008-ൽ ആമിർ ഖാൻ തന്നെ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഗജിനി'യുടെ കളക്ഷൻ ലക്ഷ്യമിട്ടാണ് 'സിതാരെ സമീൻ പർ' മുന്നോട്ട് നീങ്ങുന്നത്.
90 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച 'സിതാരെ സമീൻ പർ'ന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം ശക്തമായ ഉള്ളടക്കവും പ്രേക്ഷകരുടെ നല്ല അഭിപ്രായവുമാണെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ആദ്യ ദിനം 10.7 കോടി രൂപയിൽ തുടങ്ങിയ ചിത്രം, രണ്ടാം ദിനം 19.9 കോടിയും മൂന്നാം ദിനം 27 കോടിയുംനേടി, വാരാന്ത്യത്തില്‍ തുടര്‍ച്ചയായ വളര്‍ച്ചയാണ് ചിത്രം കാണിച്ചത്.
തിങ്കളാഴ്ച ടെസ്റ്റില്‍ വിജയിച്ചതോടെ 'സിതാരെ സമീൻ പർ' ഒരു ലോംഗ് റണ്‍ നേടുമെന്നാണ് കരുതപ്പെടുന്നത്. ചിത്രം ആഗോളതലത്തില്‍ നൂറുകോടി കടക്കുന്നതിന് പുറമേ ഇന്ത്യയില്‍ മാത്രമായി നൂറുകോടി കടക്കും എന്ന് ഏതാണ്ട് ഉറപ്പാണ്.
