ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം

കൊവിഡ് കാലത്തിനിപ്പുറം ബോളിവുഡ് നേരിട്ട തകര്‍ച്ചയില്‍ കാലിടറിയ താരങ്ങളിലൊരാളാണ് ആമിര്‍ ഖാന്‍. ആമിറിന് മാത്രമല്ല സല്‍മാന്‍ ഖാനും അക്ഷയ് കുമാറിനുമൊന്നും തങ്ങളുടെ താരമൂല്യത്തിന് ഒത്തുള്ള വിജയങ്ങള്‍ നേടാന്‍ ഈ കാലയളവില്‍ കഴിഞ്ഞിരുന്നില്ല. സൂപ്പര്‍താരങ്ങളില്‍ ഷാരൂഖ് ഖാന്‍ മാത്രമായിരുന്ന അതിന് അപവാദം. എന്നാല്‍ ഇപ്പോഴിതാ വിജയവഴിയിലേക്ക് ആമിര്‍ ഖാന്‍ തിരിച്ചുവരുന്നതായ സൂചനയാണ് ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും ഒടുവില്‍ ലഭിക്കുന്നത്. ആമിര്‍ ഖാനെ നായകനാക്കി ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത സിതാരെ സമീന്‍ പറിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

2007 ല്‍ പുറത്തെത്തി, വലിയ വിജയം നേടിയ ആമിര്‍ ഖാന്‍ ചിത്രം താരെ സമീന്‍ പറിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തിയ ചിത്രമാണ് സിതാരെ സമീന്‍ പര്‍. 20 നായിരുന്നു റിലീസ്. ട്രെയ്‍ലര്‍ ഉള്‍പ്പെടെയുള്ള പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെത്തന്നെ കാണികളുടെ ശ്രദ്ധ നേടിയിരുന്നു ചിത്രം. ഇത്തവണ ആമിര്‍ ഖാന്‍ കൈയടി നേടുമെന്ന തോന്നലും റിലീസിന് മുന്‍പ് ഉണര്‍ത്തിയിരുന്നു ചിത്രം. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ കൂടി വന്നതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി. അത് ഇപ്പോഴും തുടരുന്നു.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് സിതാരെ സമീന്‍ പര്‍ നേടിയിരിക്കുന്നത് 110 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഇന്ത്യയില്‍ നിന്നുള്ള ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ 74.77 കോടിയും ഗ്രോസ് 80 കോടിയും ആണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 30 കോടിയും. ചിത്രത്തിന്‍റെ ബജറ്റ് 90 കോടി ആണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ വെറും 5 ദിവസം കൊണ്ട് ബജറ്റ് തിരിച്ചു പിടിച്ചിരിക്കുകയാണ് ചിത്രം.

കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. അതിനാല്‍ത്തന്നെ വരും വാരങ്ങളില്‍ ചിത്രം എത്ര നേടുമെന്നത് പ്രവചനാതീതമാണ്. ഒരു ആമിര്‍ ഖാന്‍ ചിത്രം ഏറെ കാലത്തിന് ശേഷമാണ് ഇത്തരത്തില്‍ അഭിപ്രായം നേടുന്നത് എന്നത് അദ്ദേഹത്തിന്‍റെ ആരാധകരെ ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് എന്ന സ്പാനിഷ് ചിത്രത്തിന്‍റെ റീമേക്കുമാണ് ഇത്.

Asianet News Live | Axiom-4 launch| Shubhanshu Shukla | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്