വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

കൊവിഡ് കാലത്തിന് പിന്നാലെ ബോളിവുഡ് വ്യവസായം തകര്‍ച്ച നേരിട്ടപ്പോള്‍ വിജയങ്ങള്‍ കൈപ്പിടിയില്‍ നിന്ന് അകന്ന താരങ്ങളില്‍ ഒരായിരുന്നു ആമിര്‍ ഖാന്‍. എന്നാല്‍ കൊവിഡിനും മുന്‍പേ അദ്ദേഹത്തിന്‍റെ പരാജയഘട്ടം ആരംഭിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ സീക്രട്ട് സൂപ്പര്‍സ്റ്റാറിന് ശേഷം ആമിറിന്‍റെ ഒരു ചിത്രം തിയറ്ററില്‍ വിജയിച്ചിരുന്നില്ല. സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ആമിര്‍ ആയിരുന്നില്ല താനും. എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആമിര്‍ ഖാന്‍ നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്.

ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ സിതാരെ സമീന്‍ പര്‍ എന്ന ചിത്രമാണ് അത്. 2007 ല്‍ പുറത്തെത്തിയ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തിയ ചിത്രം ട്രെയ്‍ലര്‍ ഉള്‍പ്പെടെയുള്ള പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെത്തന്നെ കാണികളുടെ ശ്രദ്ധ നേടിയിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച പ്രതികരണങ്ങള്‍ കൂടി വന്നതോടെ ചിത്രം വിജയിക്കുമെന്ന തോന്നലിലെത്തി ഇന്‍ഡസ്ട്രി. ശനിയാഴ്ചയും ഇന്നും ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ ചിത്രം വിജയം നേടുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടിക്കറ്റ് വില്‍പ്പനയിലും കളക്ഷനിലും നടത്തുന്ന കുതിപ്പിലൂടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആമിര്‍ ഖാന്‍ എന്ന കാര്യവും വ്യക്തമായിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം നേടിയ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 10.6 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം ദിനമായ ശനിയാഴ്ച ഇത് ഇരട്ടിയിലധികം, 21.5 കോടിയിലേക്ക് എത്തി. ഇത് ഹിന്ദി പതിപ്പിന്‍റെ മാത്രം കാര്യം. തമിഴ് പതിപ്പ് ഇതുവരെ 20 ലക്ഷവും തെലുങ്ക് പതിപ്പ് 10 ലക്ഷവും നേടി. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ഇന്ത്യ നെറ്റ് കളക്ഷന്‍ 32.4 കോടിയില്‍ എത്തിയിട്ടുണ്ട്.

ഞായറാഴ്ചത്തെ ടിക്കറ്റ് വില്‍പ്പനയുടെ ട്രെന്‍ഡ് നോക്കുമ്പോള്‍ ശനിയാഴ്ചത്തേക്കാള്‍ കളക്ഷന്‍ ഞായറാഴ്ച ലഭിക്കുമെന്ന് ഉറപ്പാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 35,000 എന്ന കണക്കിലാണ് ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പന ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ ഈ സമയത്ത് ഇത് 25,000 എന്ന നിലയില്‍ ആയിരുന്നു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News