ഹോളിവുഡ് നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ ആഭ്യന്തര വിപണിയ്ക്ക് പുറത്തുള്ള പ്രധാന ആഗോള വിപണികളിലൊന്നായി ഇന്ത്യയെ കാണാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഹോളിവുഡില്‍ നിന്നുള്ള സൂപ്പര്‍ഹീറോ, അനിമേഷന്‍ സിനിമകളുടെയൊക്കെ കളക്ഷന്‍ കണക്കുകള്‍ പലപ്പോഴും നമ്മുടെ ഇന്‍ഡസ്ട്രികളില്‍പ്പോലും ചര്‍ച്ചയാവാറുണ്ട്. ഇപ്പോള്‍ തീയേറ്ററുകളിലുള്ള രണ്ട് പ്രധാന ഹോളിവുഡ് റിലീസുകള്‍ക്കും ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ വിജയകഥകളാണ് പറയാനുള്ളത്.

'സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോമും' 'ദി ലയണ്‍ കിംഗു'മാണ് ഇന്ത്യന്‍ സ്‌ക്രീനുകളില്‍ ഹോളിവുഡ് സിനിമകളുടെ വിജയഗാഥ തുടരുന്നത്. രണ്ട് സിനിമകളും 80 കോടി പിന്നിട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ മധുരമുള്ള വിജയം ലയണ്‍ കിംഗിന്റേതാണ്. കാരണം സ്‌പൈഡര്‍മാന്‍ തീയേറ്ററുകളിലെത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ലയണ്‍ കിംഗിന്റെ രംഗപ്രവേശം. 

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഈ മാസം നാലിനായിരുന്നു സ്‌പൈഡര്‍മാന്റെ റിലീസ്. ആദ്യവാരം തന്നെ ചിത്രം നേടിയത് 61.05 കോടി രൂപയാണ്. രണ്ടാം വാരം 17.70 കോടിയും മൂന്നാം വാരം 5.07 കോടിയും. ആകെ 83.82 കോടി.

അതേസമയം ഈ മാസം 19ന് തീയേറ്ററുകളിലെത്തിയ ലയണ്‍ കിംഗ് ഇതിനകം 81.57 കോടി സമാഹരിച്ചിട്ടുണ്ട്. സ്‌പൈഡര്‍മാന്‍ പോലെ ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. 1994ല്‍ പുറത്തിറങ്ങി ലോകമെങ്ങും ആരാധകരെ സമ്പാദിച്ച 'ദി ലയണ്‍ കിംഗി'ന്റെ ഫോട്ടോ റിയലിസ്റ്റിക് രൂപാന്തരമാണ് പുതിയ ചിത്രം. ജോണ്‍ ഫെവ്രോയാണ് സംവിധായകന്‍.