ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
സിനിമകളുടെ ജനപ്രീതി എപ്പോഴും പ്രവചനാതീതമാണ്. വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീഴാറുണ്ടെങ്കില്‍ വലിയ ബഹളങ്ങളില്ലാതെ റിലീസിനെത്തുന്ന ചില ചിത്രങ്ങള്‍ പ്രേക്ഷകരുടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഉയര്‍ന്ന ബജറ്റും വലിയ കാന്‍വാസും ഒക്കെക്കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ ശ്രമിക്കുമ്പോള്‍ ചെറിയ ബജറ്റിലെത്തി, വെറും മൂന്ന് ദിവസം കൊണ്ട് തന്നെ ബ്രേക്ക് ഈവന്‍ ആയിരിക്കുകയാണ് ഈ ചിത്രം.
തെലുങ്ക് ചിത്രം സിംഗിള്‍ ആണ് അത്. യുവതാരം ശ്രീ വിഷ്ണുവിനെ നായകനാക്കി കാര്‍ത്തിക് രാജു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ്. 9-ാം തീയതി, വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ 3 ദിനങ്ങളില്‍ നിന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 16.30 കോടി ആണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 5 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അത് ശരിയെങ്കില്‍ നിര്‍മ്മാതാവിന് ഇതിനകം ചിത്രം ലാഭം നേടിക്കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മാത്രം ബുക്ക് മൈ ഷോയില്‍ ചിത്രം വിറ്റത് 66,000 ല്‍ അധികം ടിക്കറ്റുകളാണ്. തിങ്കളാഴ്ചയോടെ ബുക്ക് മൈ ഷോയിലെ ആകെ വില്‍പ്പന 2 ലക്ഷം കടന്നിരുന്നു. ഒപ്പം യുഎസില്‍ മാത്രം 4 ലക്ഷം ഡോളറും കളക്ഷനില്‍ ചിത്രം മറികടന്നിരുന്നു. ആദ്യ വാരാന്ത്യം കൊണ്ട് തന്നെ റിലീസ് ചെയ്യപ്പെട്ട എല്ലാ മേഖലകളിലും ചിത്രം ലാഭകരമായി മാറി എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ഇന്നത്തെ കാലത്ത് ആദ്യ മൂന്ന് ദിവസം കൊണ്ട് ഒരു ചിത്രം ബ്രേക്ക് ഈവന്‍ ആവുക എന്നത് അപൂര്‍വ്വമാണ്. സിനിമകളുടെ ഉയര്‍ന്ന ബജറ്റ് തന്നെ ഇതിന് മുഖ്യ കാരണം. പോസിറ്റീവ് അഭിപ്രായം വന്നാല്‍ മാത്രമേ വലിയൊരു വിഭാഗം പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്തൂ എന്നതും മറ്റൊരു കാരണം. കോമഡി സിനിമകളിലെ നായകനെന്ന നിലയില്‍ പേരെടുത്ത ആളാണ് ശ്രീ വിഷ്ണു. കേതിക ശര്‍മ്മയും ഇവാനയുമാണ് ചിത്രത്തിലെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.