യാഷിന്റെ വമ്പൻ ഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം വരവിലും പതറാതെ മുന്നേറുകയാണ് ആർആർആർ.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ബാ​ഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ നൽകിയത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം തന്നെയാണ് അതിന് തെളിവ്. ഇപ്പോഴിതാ യാഷിന്റെ വമ്പൻ ഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം വരവിലും പതറാതെ മുന്നേറുകയാണ് ആർആർആർ.

ചിത്രം ഇതുവരെ നേടിയത് 1100 കോടിയാണ്. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആർആർആർ റിലീസായി ഒരുമാസത്തിനുള്ളിലാണ് ഈ ബ്രഹ്മാണ്ഡ വിജയം. ഏപ്രിൽ ആദ്യവാരം തന്നെ ചിത്രം ആയിരം കോടിയിൽ എത്തിയിരുന്നു. 

മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.

Scroll to load tweet…

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

Scroll to load tweet…

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ആദ്യവാരം ഇന്ത്യയില്‍ നിന്ന് നേടിയത് 132.59 കോടിയാണ്. കൊവിഡിനു ശേഷം ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ വാര ഗ്രോസ് കളക്ഷനും ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് സ്വന്തം പേരില്‍ ആക്കി. സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായ് കത്തിയവാഡി എന്നീ സമീപകാല ബോളിവുഡ് ഹിറ്റുകളെയെല്ലാം ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് പിന്നിലാക്കിയിരിക്കുകയാണ്.