11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

ഹോളിവുഡ് സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ എക്കാലത്തും ആരാധകരുള്ളവരില്‍ ഒന്നാണ് സൂപ്പര്‍മാന്‍. സിനിമാപ്രേമികളെ സംബന്ധിച്ച് എത്ര കണ്ടാലും മതിവരാത്ത കഥാപാത്രങ്ങളിലൊന്ന്. സൂപ്പര്‍മാന്‍റെ ബിഗ് സ്ക്രീനിലേക്കുള്ള ഏറ്റവും പുതിയ കടന്നുവരവിന് ചില പ്രത്യേകതകളുണ്ട്. ഡിസി സ്റ്റുഡിയോസ് പുതുതായി ആരംഭിച്ച സിനിമാറ്റിക് യൂണിവേഴ്സ് ആയ ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ള സൂപ്പര്‍മാന്‍. ഒരു നിര ചിത്രങ്ങള്‍ പിന്നാലെ പ്ലാന്‍ ചെയ്തിരിക്കുന്ന യൂണിവേഴ്സില്‍ സ്വാഭാവികമായും ആദ്യ ചിത്രമായ സൂപ്പര്‍മാന്‍റെ ജയപരാജയങ്ങള്‍ പ്രധാനമാണ്. ഡിസിയുടെ മുന്നോട്ടുള്ള പ്ലാന്‍ വിചാരിച്ചത് പ്രകാരം നടപ്പിലാക്കാനുള്ള ഊര്‍ജ്ജം സൂപ്പര്‍മാനില്‍ നിന്ന് ലഭിക്കുമോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ഈ മാസം 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. വെറൈറ്റിയുടെ കണക്ക് പ്രകാരം അമേരിക്കയില്‍ നിന്ന് മാത്രം ഇതുവരെ ചിത്രം നേടിയിരിക്കുന്നത് 155 മില്യണ്‍ ഡോളര്‍ (1332 കോടി രൂപ) ആണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 മില്യണ്‍ ഡോളറും (2148 കോടി രൂപ). മികച്ച റിവ്യൂസും പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും ബോക്സ് ഓഫീസില്‍ ചിത്രത്തിന് ഗുണകരമാണ്. റിലീസ് വാരാന്ത്യത്തില്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്ന് ചിത്രം നേടിയത് 125 മില്യണ്‍ ഡോളര്‍ (1074 കോടി രൂപ) ആയിരുന്നു. രണ്ടാം വാരാന്ത്യത്തില്‍ 50- 55 ശതമാനം ഡ്രോപ്പ് സംഭവിച്ച് 55- 62 മില്യണ്‍ ഡോളര്‍ (473 കോടി- 533 കോടി രൂപ) ചിത്രം നേടുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഒരു ഗംഭീര വിജയമാകാന്‍ ഇതൊന്നും പോരെന്നതാണ് യാഥാര്‍ഥ്യം. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ബജറ്റ് തന്നെ 225 മില്യണ്‍ ഡോളറോളം (1934 കോടി രൂപ) വരും. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ് നേടുന്ന പകിട്ടേറിയ വിജയങ്ങള്‍ക്കൊപ്പമെത്താന്‍ ഏറെക്കാലമായി വിയര്‍പ്പൊഴുക്കുന്ന വാര്‍ണര്‍ ബ്രദേഴ്സിന്‍റെ ഡിസിയെ സംബന്ധിച്ച് വരും വാരങ്ങളിലും സൂപ്പര്‍മാന്‍ മികച്ച കളക്ഷനോടെ ബോക്സ് ഓഫീസില്‍ തുടരണം.

പുതുതായി ആരംഭിച്ചിരിക്കുന്ന ഡിസി യൂണിവേഴ്സിലെ അടുത്ത ചിത്രത്തിന്‍റെ പേര് സൂപ്പര്‍ഗേള്‍ എന്നാണ്. 2026 ജൂണ്‍ 26 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ക്ലേഫേസ് എന്ന മൂന്നാം ചിത്രം 2026 സെപ്റ്റംബര്‍ 11 നും എത്തും. പിന്നെയും നിരവധി ചിത്രങ്ങള്‍ ഈ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി പ്ലാന്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News