രണ്ട് സംസ്ഥാനങ്ങളില്‍ ഈ നേട്ടമുണ്ടാക്കിയത് ഒരു ചിത്രമാണ്
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുക എന്നത് ഒരുകാലത്ത് മലയാള സിനിമയുടെ സ്വപ്നമായിരുന്നു. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലൂടെ 2016 ല്‍ അത് സാധിച്ചു. പിന്നീട് 200, 250 കോടി ചിത്രങ്ങളും മോളിവുഡിന് ലഭിച്ചു. എന്നാല്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി എന്നത് മോളിവുഡിന് സങ്കല്‍പിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ താരം ആ നേട്ടവും ആദ്യമായി യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. മോഹന്‍ലാല്‍ ചിത്രം തുടരും ആണ് കേരളത്തില്‍ നിന്ന് ആദ്യമായി 100 കോടി ഗ്രോസ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്ന ചിത്രം.
തുടരും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ട്രാക്ക് ടോളിവുഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാട്ടിലാണ് ഒരു ചിത്രം ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. രജനികാന്ത് ചിത്രം എന്തിരന്‍ ആയിരുന്നു അത്. ഷങ്കറിന്‍റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തെത്തിയ ചിത്രമാണിത്. അതായത് 15 വര്‍ഷം മുന്‍പ്. തമിഴ്നാടിന് പിന്നാലെ ഈ നേട്ടം സ്വന്തമാക്കിയ സംസ്ഥാനം ആന്ധ്ര പ്രദേശ് ആണ്. തെലുങ്ക് സിനിമയുടെ മുഖഛായ തന്നെ മാറ്റിയ എസ് എസ് രാജമൗലി ചിത്രം ബാഹുബലി ആയിരുന്നു അത്. 2015 ലാണ് ചിത്രം റിലീസ് ചെയ്തത്.
ആദ്യ ഭാഗം നേടിയ വലിയ വിജയത്താല്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ബാഹുബലി 2 ആണ് മറ്റ് രണ്ട് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും- തെലങ്കാന, കര്‍ണാടക- ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 2017 ലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എട്ട് വര്‍ഷത്തിനിപ്പുറമാണ് കേരളത്തില്‍ ഒരു ചിത്രം ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്നത്. അതും ഒരു മലയാള ചിത്രത്തിലൂടെ. മറ്റ് തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് ചെറിയ വ്യവസായമായ മോളിവുഡില്‍ നിന്ന് ഒരു ചിത്രം താരതമ്യേന ചെറിയ സമൂഹമായ മലയാളികള്‍ കണ്ട് വിജയിപ്പിച്ച ഒരു ചിത്രം ഇവിടെനിന്ന് മാത്രം 100 കോടി നേടുന്നു എന്നത് മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. അതേസമയം തുടരും തിയറ്ററുകളിലേക്ക് ഇപ്പോഴും പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഫൈനല്‍ കേരള ഗ്രോസ് ഇപ്പോള്‍ പ്രവചിക്കാനാവില്ല.


