ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നിര്‍ഭാഗ്യമുള്ള താരങ്ങളിലൊരാള്‍ സൂര്യയാണ്. വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ രണ്ട് സൂര്യ ചിത്രങ്ങളാണ് ആറ് മാസത്തിനുള്ളില്‍ എത്തി പ്രേക്ഷകപ്രീതി നേടാതെ പോയത്. മുതല്‍മുടക്കും കളക്ഷനും നോക്കുമ്പോള്‍ കങ്കുവയേക്കാള്‍ ഭേദമാണ് റെട്രോയെങ്കിലും ചിത്രം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, പല മാര്‍ക്കറ്റുകളിലും വിതരണക്കാര്‍ക്ക് വന്‍ നഷ്ടവുമാണ് സമ്മാനിച്ചത്. അതിലൊന്ന് തെലുങ്ക് സംസ്ഥാനങ്ങളാണ്. ചിത്രത്തിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ ക്ലോസിംഗ് ഷെയര്‍ തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

123 തെലുങ്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന ക്ലോസിംഗ് ഷെയര്‍ വെറും 5.8 കോടിയാണ്. ഹിറ്റ് ആയിരുന്നുവെങ്കില്‍ ഇതിന്‍റെ പല മടങ്ങ് മുകളില്‍ പോകേണ്ട തുകയാണ് ഇത്. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ നോക്കിയാല്‍ 17-ാം ദിവസമായ ഇന്ന് ഹൈദരാബാദില്‍ ചിത്രത്തിന് ഒരു പ്രദര്‍ശനം പോലും ഇല്ല. ചിത്രം നേടിയ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി എത്രത്തോളമെന്നതിന് തെളിവാകുന്നുണ്ട് ഇത്. 

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യ ആറ് ദിനങ്ങളില്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. തമിഴ്നാട്ടില്‍ ചിത്രം ഭേദപ്പെട്ട രീതിയില്‍ കളക്റ്റ് ചെയ്തിട്ടുണ്ട്. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. രചനയും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. റൊമാന്‍റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്‍റെ സ്റ്റോണ്‍ ബെഞ്ച് ക്രിയേഷന്‍സും സൂര്യയുടെ 2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, വിധു, ഗജരാജ്, സ്വാസിക, അവിനാഷ് രഘുദേവന്‍, രാകേഷ് രക്കു, കുമാര്‍ നടരാജന്‍, കാര്‍ത്തികേയന്‍ സന്താനം, തമിഴ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം സന്തോഷ് നാരായണന്‍. വലിയ ഹൈപ്പോടെ എത്തിയ ചിത്രമാണെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം