ഫാന്‍റസി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

അജയ് ദേവ്ഗണ്‍ ആരാധകര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 ആണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക്. വിജയ് സാല്‍ഗോങ്കര്‍ എന്ന കഥാപാത്രമായി അജയ് രണ്ടാമതും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് പതക് ആണ്. നവംബര്‍ 18 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ ദൃശ്യം 2 ന് മുന്‍പ് ദീപാവലി റിലീസ് ആയി എത്തിയ ഒരു അജയ് ദേവ്ഗണ്‍ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. അജയ് ദേവ്ഗണിനൊപ്പം സിദ്ധാര്‍ഥ് മല്‍ഹോത്രയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്‍ത ഫാന്‍റസി കോമഡി ഡ്രാമ ചിത്രം താങ്ക് ഗോഡ് ആണ് അത്. ഒക്ടോബര്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ മൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ആവേശകരമായ പ്രതികരണമല്ല ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 18.25 കോടിയാണ്. റിലീസ് ദിനത്തില്‍ 8.10 കോടിയാണ് നേടിയതെങ്കില്‍ മുന്നോട്ട് പോകുന്തോറും കളക്ഷനില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. രണ്ടാംദിനമായ ബുധനാഴ്ച 6 കോടിയും വ്യാഴാഴ്ച 4.15 കോടിയും. ആദ്യ വാരാന്ത്യമായ ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്ര നേടുമെന്നാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്.

ALSO READ : 'അത്തരം കമന്‍റുകള്‍ അലോസരപ്പെടുത്താതിരുന്നില്ല, സ്ഫടികം റീമാസ്റ്റർ വെർഷൻ അവസാന പണിപ്പുരയിൽ'; ഭദ്രൻ

Scroll to load tweet…

ടി സിരീസ് ഫിലിംസ്, മാരുതി ഇന്‍റര്‍നാഷണല്‍, സോഹം റോക്ക്സ്റ്റാര്‍, ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ്, കിയാര ഖന്ന, കികു ശര്‍ദ, സീമ പഹ്‍വ. കന്‍വല്‍ജീത് സിംഗ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.