കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം

വലിയ പ്രീ-റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ എത്തുന്ന ചില ചെറിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ അപൂര്‍വ്വമായി അത്ഭുതം സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രം എത്തിയിരിക്കുകയാണ് ഇപ്പോള്‍ ബോളിവുഡില്‍. വിവേക് അഗ്നിഹോത്രിയുടെ (Vivek Agnihotri) സംവിധാനത്തില്‍ എത്തിയിരിക്കുന്ന ദ് കശ്‍മീര്‍ ഫയല്‍സ് (The Kashmir Files) ആണ് ആ ചിത്രം. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം ബോക്സ് ഓഫീസ് പ്രകടനത്തില്‍ ട്രേഡ് അനലിസ്റ്റുകളെ അമ്പരപ്പിക്കുകയാണ്.

വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് തുടക്കത്തില്‍ 650 സ്ക്രീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ ലഭിച്ച കളക്ഷന്‍ ചിത്രം ആദ്യം നിഷേധിച്ച തിയറ്റര്‍ ഉടമകളെ ഇരുത്തി ചിന്തിപ്പിച്ചു. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, 10.10 കോടിയും ചിത്രം നേടി. ബോളിവുഡില്‍ 2020നു ശേഷം ഒരു ചിത്രം രണ്ടാംദിനത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ഗ്രോത്ത് ആണ് ഇതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് കുറിക്കുന്നു. ശനിയാഴ്ചത്തെ കളക്ഷന്‍ വര്‍ധിച്ചതിനൊപ്പം നിരവധി തിയറ്ററുകാരാണ് ചിത്രം ആവശ്യപ്പെട്ട് വിതരണക്കാരെ സമീപിച്ചത്. ഫലം 650 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മൂന്നാം ദിനമായ ഇന്ന് 2000 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി ആകെ 14.35 കോടി നേടിയ ചിത്രത്തിന്റെ ഞായറാഴ്ച കളക്ഷന്‍ എത്രയാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്.

രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. 

കശ്മീരിൽ കലാപം അതിരൂക്ഷമായി മാറിയ 1990-ൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അന്നത്തെ സാഹചര്യങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കിയ ശേഷം വർത്തമാന കാലത്തേക്ക് കഥയെത്തുന്നു. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന രംഗത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം ഒരു ശവക്കുഴിയിലാണ് അവസാനിക്കുന്നത്. അതിനിടയിലുള്ള മണിക്കൂറുകൾ പ്രേക്ഷകരുടെ മനസിനെ സിനിമ സംഘർഷഭരിതമാക്കിയെന്നും പ്രതികരണങ്ങളുണ്ട്.