കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം

കൊവിഡ് കാലം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ലോകമാകമാനമുള്ള സിനിമാ ഇന്‍ഡസ്ട്രികള്‍ കൊവിഡ് ഏല്‍പ്പിച്ച തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതേയുള്ളൂ. മൂന്നാം തരംഗത്തിനു ശേഷം വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ ഹിറ്റുകള്‍ സംഭവിക്കുന്നത് സിനിമാ മേഖലയിലുള്ളവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് പകരുന്നത്. സൂപ്പര്‍താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വലിയ കാന്‍വാസ് ചിത്രങ്ങള്‍ക്കൊപ്പം താരതമ്യേന ചെറിയ ചില പ്രൊഡക്ഷനുകളും വിജയം നേടുന്നത് ചലച്ചിത്രമേഖലയിലെ ശുഭവാര്‍ത്തയാണ്. ബോളിവുഡില്‍ നിന്ന് അത്തരത്തിലുള്ള ഏറ്റവും പുതിയ റിലീസ് ആണ് ദ് കശ്‍മീര്‍ ഫയല്‍സ് (The Kashmir Files). വിവേക് അഗ്നിഹോത്രി (Vivek Agnihotri) സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രമാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ, ബജറ്റില്‍ ചെറിയ ഈ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയാണ് കാണികളില്‍ നിന്ന് നേടുന്നത്. ആദ്യദിന കളക്ഷനില്‍ ഇത് പ്രതിഫലിക്കുന്നുമുണ്ട്.

വന്‍കിട ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് റിലീസ് സെന്‍ററുകളുടെ എണ്ണത്തിലും പിന്നിലായിരുന്നു കശ്‍മീര്‍ ഫയല്‍സ്. എന്നാല്‍ ആദ്യദിനം തന്നെ 3.55 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. വിവേക് അഗ്നിഹോത്രിയുടെ തന്നെ മുന്‍ ചിത്രം ദ് താഷ്കന്‍റ് ഫയല്‍സ് (2019) ഒരാഴ്ച കൊണ്ട് നേടിയ കളക്ഷനേക്കാള്‍ മുകളിലാണ് ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയിരിക്കുന്നത്. താഷ്കന്‍റ് ഫയല്‍സ് ആദ്യവാരം നേടിയത് 3.50 കോടി ആയിരുന്നു. ആദ്യദിന പ്രേക്ഷക പ്രതികരണം കണ്ട് ചിത്രത്തിന്‍റെ ഷോ കൗണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട് തിയറ്ററുകാര്‍. ഇത് ഈ വാരാന്ത്യ കളക്ഷനില്‍ മികച്ച രീതിയില്‍ പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

'ഭീഷ്‍മ പര്‍വ്വം' ക്രൈസ്‍തവ വിരുദ്ധമെന്ന് കെസിബിസി പ്രസിദ്ധീകരണം; 'കാവലി'നും വിമര്‍ശനം

രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. 

കശ്മീരിൽ കലാപം അതിരൂക്ഷമായി മാറിയ 1990-ൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അന്നത്തെ സാഹചര്യങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കിയ ശേഷം വർത്തമാന കാലത്തേക്ക് കഥയെത്തുന്നു. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന രംഗത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം ഒരു ശവക്കുഴിയിലാണ് അവസാനിക്കുന്നത്. അതിനിടയിലുള്ള മണിക്കൂറുകൾ പ്രേക്ഷകരുടെ മനസിനെ സിനിമ സംഘർഷഭരിതമാക്കിയെന്നും പ്രതികരണങ്ങളുണ്ട്.