കേരളത്തിലെ ആദ്യ 100 കോടി ഗ്രോസ് ചിത്രം
മലയാള സിനിമയില്‍ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ ട്രെന്‍ഡ് ആണ് തുടരും എന്ന ചിത്രം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ, അതേസമയം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് സ്വാഭാവികമായും ലഭിക്കുന്ന പ്രേക്ഷകശ്രദ്ധയോടെ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഏപ്രില്‍ 25 നായിരുന്നു റിലീസ്. എന്നാല്‍ ആദ്യ ഷോകള്‍ പിന്നിട്ടതോടെ ചിത്രം ഹിറ്റ് അടിക്കുമെന്ന് ഉറപ്പായി. കാരണം കണ്ടവര്‍ കണ്ടവര്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. കാണികള്‍ തന്നെ പരസ്യ പ്രചാരകരായി മാറുന്ന വലിയ വിജയങ്ങളുടെ നിരയിലേക്ക് ചിത്രം ദിവസങ്ങള്‍ക്കിപ്പുറം എത്തിച്ചേര്‍ന്നു. നാലാം വാരത്തിലേക്ക് കടന്നപ്പോഴും ചിത്രത്തിന് തിയറ്ററുകളില്‍ ഇപ്പോഴും കാണികളുണ്ട് എന്നത് പ്രേക്ഷകരുടെ സമീപകാല കാഴ്ച ശീലങ്ങള്‍ പരിഗണിക്കുമ്പോള്‍ അത്ഭുതമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ചില കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്ക് പ്രകാരം അവസാന 24 മണിക്കൂറില്‍ (17, ശനിയാഴ്ച) ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മൂന്നാമത്തെ ചിത്രം തുടരും ആണ്. 59,000 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ ഇന്നതെ വിറ്റത്. അതേസമയം ടിക്കറ്റ് വില്‍പ്പനയില്‍ ഇന്നലെ ഒന്നാം സ്ഥാനത്ത് ഹോളിവുഡ് ചിത്രം മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കണിംഗ് ആണ്. ഇന്നലെ റിലീസ് ചെയ്യപ്പെട്ട ചിത്രം ബിഎംഎസിലൂടെ (ബുക്ക് മൈ ഷോ) വിറ്റത് 1.31 ലക്ഷം ടിക്കറ്റുകളാണ്. രണ്ടാം സ്ഥാനത്തുള്ള അജയ് ദേവ്ഗണ്‍ ചിത്രം റെയ്ഡ് 2 81,000 ടിക്കറ്റുകളും വിറ്റു.
അതേസമയം 23-ാം ദിനമായ ഇന്നലെ തുടരും നേടിയ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്നവെ നേടിയത് 1.63 കോടിയാണ്. ഇതില്‍ മലയാളം പതിപ്പ് മാത്രം നേടിയതാണ് 1.58 കോടി. തെലുങ്ക്, തമിഴ് പതിപ്പുകളില്‍ നിന്നുള്ളതാണ് ബാക്കി തുക. റിലീസ് ചെയ്തതിന്‍റെ നാലാമത്തെ ശനിയാഴ്ചയാണ് ഈ തുകയെന്ന് ഓര്‍ക്കണം. സമീപകാലത്ത് ഒരു ചിത്രത്തിനും ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യതയുടെ തെളിവാണ് ഇത്. അതേസമയം സാക്നില്‍കിന്‍റെ തന്നെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 217 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ സിനിമയായി തുടരും നേരത്തേ മാറിയിരുന്നു.


