മെയ് 9 ന് ആയിരുന്നു തമിഴ് പതിപ്പിന്‍റെ റിലീസ്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് എത്തിയതെങ്കിലും സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്ന ചിത്രമായി ഇത് മാറി. മലയാളത്തിനൊപ്പം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. പിന്നീട് ചിത്രത്തിന്‍റെ തമിഴ് പതിപ്പും എത്തി. ഇപ്പോഴിതാ തമിഴ് പതിപ്പ് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
തൊടരും എന്നാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ പേര്. മെയ് 9 ന് ആയിരുന്നു തമിഴ് പതിപ്പിന്‍റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് തമിഴ് പതിപ്പിന് ലഭിച്ചത്. നിരൂപകരും സാധാരണ പ്രേക്ഷകരുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളും അറിയിച്ചിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം തൊടരും ഇതുവരെ നേടിയിരിക്കുന്നത് 97 ലക്ഷം രൂപയാണ്. ആദ്യ അഞ്ച് ദിവസത്തെ നെറ്റ് കളക്ഷനാണ് ഇത്. അതേസമയം ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഏപ്രില്‍ 25 ന് തന്നെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ എത്തിയ ചിത്രം കാണാന്‍ തമിഴ് പ്രേക്ഷകരും ധാരാളമായി എത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നേടിയ കളക്ഷന്‍ 1.85 കോടിയാണ്.
ചിത്രം നേടിയ ഏറ്റവും പ്രധാനപ്പെട്ട ബോക്സ് ഓഫീസ് റെക്കോര്‍ഡ് കേരളത്തിലെ കളക്ഷനിലാണ്. കേരള ബോക്സ് ഓഫീസില്‍ ഒരു ചിത്രം ആദ്യമായാണ് 100 കോടി ഗ്രോസ് കളക്ഷന്‍ നേടുന്നത്. മലയാള ചിത്രങ്ങള്‍ക്കോ മറുഭാഷാ ചിത്രങ്ങള്‍ക്കോ ഇതുവരെ സാധിക്കാത്ത നേട്ടമാണ് ഇത്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


