കമൽ ഹാസന്റെ 'തഗ് ലൈഫ്' നാല് ആഴ്ചകൾക്കുള്ളിൽ നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. മൾട്ടിപ്ലക്സ് കരാർ ലംഘിച്ചതിന് നിർമ്മാതാക്കൾ പിഴ നൽകേണ്ടിവന്നു. ഡിജിറ്റൽ റൈറ്റ്സ് 110 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി.

ചെന്നൈ: കമൽ ഹാസനും മണിരത്നവും പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിച്ച 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് വാർത്തകളാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചാ വിഷയം. ജൂൺ 5ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. മൂന്നാഴ്ചയ്ക്കുള്ളിൽ മിക്ക തിയേറ്ററുകളിൽ നിന്നും ചിത്രം നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ 'തഗ് ലൈഫ്' നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ്,

നോർത്ത് ഇന്ത്യയിൽ സാധാരണയായി തിയേറ്റർ റിലീസിന് ശേഷം എട്ട് ആഴ്ചകൾ കഴിഞ്ഞാണ് ഒടിടി റിലീസ് നടക്കാറുള്ളത്. എന്നാൽ 'തഗ് ലൈഫ്' വെറും നാല് ആഴ്ചകൾക്കുള്ളിൽ, ജൂലൈ 3ന് നെറ്റ്ഫ്ലിക്സിൽ എത്താനിരിക്കുകയാണ്. ഈ നേരത്തെയുള്ള ഒടിടി റിലീസ് മൾട്ടിപ്ലക്സ് ശൃംഖലകളുടെ കരാര്‍ ലംഘനം ആയതിനാല്‍. എട്ട് ആഴ്ചത്തെ കാത്തിരിപ്പ് നിയമം ലംഘിച്ചതിന് മൾട്ടിപ്ലക്സുകൾ നിർമ്മാതാക്കളിൽ നിന്ന് 25 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് വിവരം. അതോടെ ഹിന്ദി പതിപ്പിന്റെ തിയേറ്റർ വരുമാനത്തിന്റെ ഷെയർ നിർമ്മാതാക്കൾക്ക് നഷ്ടമായി.

'തഗ് ലൈഫിന്റെ' ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 130 കോടി രൂപയ്ക്കാണ് ആദ്യം സ്വന്തമാക്കിയത്. എന്നാൽ, ചിത്രത്തിന്‍റെ തീയറ്റര്‍ പരാജയം പരിഗണിച്ച് നെറ്റ്ഫ്ലിക്സ് വില 90 കോടിയായി കുറച്ചു. തുടർന്നുള്ള ചർച്ചകൾക്ക് ശേഷം 110 കോടി രൂപയ്ക്ക് ഒടിടി റിലീസിന് ധാരണയായി പക്ഷെ നേരത്തെ എട്ട് ആഴ്ചയായിരുന്നു ഒടിടി വിന്‍റോ നാല് ആഴ്ചയായി കുറച്ചു.

കമൽ ഹാസന്റെ 'ഇന്ത്യൻ 2'ന് ശേഷം, എട്ട് ആഴ്ചത്തെ വിന്‍ഡോ ഇളവ് ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'തഗ് ലൈഫ്'. തൃഷ, സിമ്പു, ഐശ്വര്യ ലക്ഷ്മി, അലി ഫസൽ തുടങ്ങിയ താരനിരയുള്ള തഗ് ലൈഫ് തീയറ്ററില്‍ വന്‍ പരാജയമായിരുന്നു.