ജൂണ്‍ 5 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്

സിനിമകളുടെ ജയപരാജയങ്ങള്‍ എക്കാലത്തും അപ്രവചനീയമാണ്. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന പല ബിഗ് കാന്‍വാസ് ചിത്രങ്ങളും പരാജയത്തെ നേരിടേണ്ടി വരുമ്പോള്‍ ഒരു ഹൈപ്പുമില്ലാതെ വരുന്ന ചില ചെറിയ ബജറ്റ് ചിത്രങ്ങള്‍ വലിയ പ്രേക്ഷകപ്രീതിയും വിജയവും നേടാറുമുണ്ട്. വലിയ ഹൈപ്പുമായെത്തി തിയറ്ററില്‍ അമ്പേ തകര്‍ന്നുപോയ ചിത്രത്തിനുള്ള സമീപകാലത്തെ ഏറ്റവും നല്ല ഉദാഹരണം കമല്‍ ഹാസന്‍ നായകനായ ചിത്രം തഗ് ലൈഫ് ആണ്. മണി രത്നവും കമല്‍ ഹാസനും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. എന്നാല്‍ റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ മുതല്‍ ലഭിച്ച നെഗറ്റീവ് അഭിപ്രായങ്ങളില്‍ ചിത്രം വീണു.

ജൂണ്‍ 5 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോള്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിക്കുന്ന സമയത്ത് ഇന്ത്യയില്‍ നിന്ന് ആകെ നേടിയ നെറ്റ് കളക്ഷന്‍ 48.18 കോടിയാണ്. ഗ്രോസ് കളക്ഷന്‍ 56.85 കോടിയും. വിദേശത്തുനിന്നുള്ള ഗ്രോസ് 41.2 കോടിയാണ്. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ഗ്രോസ് 98.05 കോടി. കൊവിഡ് കാലത്തിന് ശേഷം ഒരു കമല്‍ ഹാസന്‍ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷനാണ് ഇത്. സമീപകാലത്ത് പരാജയം നേരിട്ട കമല്‍ ഹാസന്‍റെ മറ്റൊരു ചിത്രമായ ഇന്ത്യന്‍ 2 നേക്കാള്‍ കളക്ഷനില്‍ പിന്നിലായിപ്പോയി തഗ് ലൈഫ്. 150.94 കോടി ആയിരുന്നു ഇന്ത്യന്‍ 2 ന്‍റെ ഗ്രോസ്.

സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എ ആര്‍ റഹ്‍മാനൊപ്പം മണിരത്നത്തിന്‍റെ മറ്റൊരു പതിവ് സഹപ്രവർത്തകനായ എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തില്‍ ഒരുമിച്ചിരുന്നു. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Kerala Rain | Live Breaking news