മാർവൽ സ്റ്റുഡിയോസിന്റെ തണ്ടർബോൾട്ട്സ് ആഗോളതലത്തിൽ $162 മില്യൺ കളക്ഷൻ നേടി. വടക്കേ അമേരിക്കയിൽ $76 മില്യൺ നേടിയ ചിത്രം, ചൈന, യുകെ, മെക്സിക്കോ എന്നിവിടങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഇന്ത്യയിൽ പ്രതീക്ഷിച്ചത്ര കളക്ഷൻ നേടാനായില്ല.

ലോസ് ഏഞ്ചൽസ്: മാർവൽ സ്റ്റുഡിയോസിന്റെ തണ്ടർബോൾട്ട്സ് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ആദ്യ വാരാന്ത്യം 162 മില്യൺ ഡോളറിന്‍റെ മികച്ച കളക്ഷന്‍ കുറിച്ചു. നേരത്തെ പ്രവചിക്കപ്പെട്ട ആദ്യ വാരാന്ത്യ കളക്ഷനില്‍ നിന്നും അല്‍പ്പം താഴെയാണെങ്കിലും ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായം ചിത്രത്തിന് മികച്ച കളക്ഷന്‍ വരും മാസങ്ങളില്‍ ലഭിക്കാന്‍ ഇടയാക്കും എന്നാണ് വിവരം.

ജേക്ക് ഷ്രിയർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ, വടക്കേ അമേരിക്ക ബോക്സ് ഓഫീസിൽ 76 മില്യൺ ഡോളർ നേടി. മൂന്ന് ദിവസത്തെ ആദ്യ വാരാന്ത്യത്തിൽ അമേരിക്കന്‍ ബോക്സോഫീസില്‍ നേരത്തെ പ്രവചിച്ചതിലും കൂടുതലാണ് ഇത്. 

മാർവൽ സൂപ്പര്‍ഹീറോ സിനിമകൾ വളരെ ഉയർന്ന കളക്ഷനാണ് പൊതുവില്‍ ആദ്യ വാരാന്ത്യത്തില്‍ നേടാറ്. എന്നാല്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ അത്ര അറിയപ്പെടാത്ത താരങ്ങളെ ആവിഷ്കരിക്കുന്ന പടം യുഎസില്‍ നടത്തിയ അപ്രതീക്ഷിത മുന്നേറ്റം വന്‍ പ്രതീക്ഷയാണ് മാര്‍വലിന് നല്‍കുന്നത്. 

തണ്ടർബോൾട്ട്സിന്‍റെ അമേരിക്കന്‍ ആഭ്യന്തര ഓപ്പണിംഗ് ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിംഗ്‌സ് (75 മില്യൺ ഡോളർ), എറ്റേണൽസ് (71 മില്യൺ ഡോളർ) എന്നിവയെക്കാള്‍ ഉയര്‍ന്നതാണ്. ഈ രണ്ട് ചിത്രങ്ങളും പുതിയ മാര്‍വല്‍ ഹീറോസിനെ അവതരിപ്പിച്ചതാണ്. വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം വന്ന റിവ്യൂകളും, പിന്നീട് വന്ന മൗത്ത് പബ്ലിസിറ്റിയും ഈ ചിത്രത്തിന് ശക്തമായ കളക്ഷനിലേക്ക് നയിച്ചേക്കും എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

വിദേശ ബോക്സ് ഓഫീസില്‍ തണ്ടർബോൾട്ട്സ് 53 വിപണികളിലായി 5 ദിവസത്തെ വാരാന്ത്യത്തിൽ 86 മില്യൺ ഡോളർ നേടി നേരത്തെ പ്രവചിക്കപ്പെട്ട കളക്ഷനെക്കാള്‍ താഴെയാണ്. എറ്റേണല്‍സിനെക്കാളും (90 മില്യൺ ഡോളർ) കുറവാണ്, പക്ഷേ ഷാങ്-ചി (56 മില്യൺ ഡോളർ) നേക്കാൾ മികച്ചതാണ്. ലോകമെമ്പാടുമായി ആദ്യ വാരാന്ത്യത്തിൽ ചിത്രം 162 മില്യൺ ഡോളർ നേടിയിട്ടുണ്ട് തണ്ടർബോൾട്ട്സ് ഇത് എറ്റേണൽസിന് തുല്യമാണ്.

10.4 മില്യൺ ഡോളർ നേടിയ ചൈനയാണ് ഈ സൂപ്പര്‍ഹീറോ പടം കൂടുതല്‍ പണം ഉണ്ടാക്കിയ അന്താരാഷ്ട്ര വിപണി. തുടർന്ന് യുകെ (7.7 മില്യൺ ഡോളർ), മെക്സിക്കോ (7.3 മില്യൺ ഡോളർ). ഇന്ത്യയിൽ, തണ്ടർബോൾട്ട്സിന് ആദ്യ 4 ദിവസത്തെ വാരാന്ത്യത്തിൽ 2 മില്യണിൽ താഴെ വരുമാനം മാത്രമേ ലഭിച്ചുള്ളൂ, ഇത് ഒരു മാർവൽ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ കളക്ഷനുകളിലൊന്നാണ്. തണ്ടര്‍ബോള്‍ട്ടിലെ കഥാപാത്രങ്ങള്‍ ഇന്ത്യയില്‍ അത്ര ജനപ്രിയം അല്ലാത്തതാണ് ഈ കളക്ഷന് കാരണം എന്നാണ് ഒരു വിലയിരുത്തല്‍. അതേ സമയം സ്പൈഡര്‍മാന്‍ ചിത്രം ഒഴികെ മാര്‍വല്‍ എന്‍ഡ് ഗെയിമിന് ശേഷം വന്ന മാര്‍വല്‍ ചിത്രങ്ങള്‍ വലിയ വിജയം ഇന്ത്യയില്‍ നേടിയിട്ടും ഇല്ല.