Asianet News MalayalamAsianet News Malayalam

സല്ലു ഭായ് തിരിച്ചെത്തിയോ? 'പഠാനെ' മറികടന്നോ? 'ടൈ​ഗര്‍ 3' ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ദീപാവലി ഞായറാഴ്ച ആയിരുന്നതിനാല്‍ ഞായറാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്

tiger 3 opening box office collection salman khan pathaan shah rukh khan yrf spy universe bollywood nsn
Author
First Published Nov 13, 2023, 6:50 PM IST

ഉത്തരേന്ത്യന്‍ സിം​ഗിള്‍ സ്ക്രീനുകളെ ഇളക്കിമറിച്ചിട്ടുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ചിത്രങ്ങള്‍ നേടുന്ന ഉയര്‍ന്ന ബോക്സ് ഓഫീസ് കളക്ഷന് പിന്നിലും സിം​ഗിള്‍ സ്ക്രീനുകളിലെ ഈ സ്വീകാര്യത ആയിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ബോളിവുഡ് നേരിട്ട തകര്‍ച്ചയില്‍ മറ്റ് സൂപ്പര്‍താരങ്ങളെയൊക്കെപ്പോലെ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ അറച്ച് നിന്നു. അക്ഷയ് കുമാറിനെപ്പോലെ വമ്പന്‍ പരാജയങ്ങള്‍ നേരിടേണ്ടിവന്നില്ലെങ്കിലും മുന്‍കാലങ്ങളിലെ കളക്ഷനുമായി തട്ടിച്ചുനോക്കുമ്പോള്‍ സല്‍മാന്‍റെ അടുത്തിടെയെത്തിയ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം ശോകമായിരുന്നു. എന്നാല്‍ ദീപാവലി റിലീസ് ആയി തീരുമാനിച്ചിരുന്ന ടൈ​ഗര്‍ 3 ല്‍ ബോളിവുഡിന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ സാധൂകരിച്ചോ ചിത്രം? ഇപ്പോഴിതാ ചിത്രം ആദ്യ ദിവസം നേടിയത് സംബന്ധിച്ച ഔദ്യോ​ഗിക കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ദീപാവലി ഞായറാഴ്ച ആയിരുന്നതിനാല്‍ ഞായറാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 52.50 കോടി ​ഗ്രോസും (44.50 കോടി നെറ്റ്) വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 41.50 കോടി ​ഗ്രോസുമാണെന്ന് (5 മില്യണ്‍ ഡോളര്‍) നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് അറിയിക്കുന്നു. അതായത് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയിരിക്കുന്നത് 94 കോടിയാണ്. ബോളിവുഡിന്‍റെ ഒരു വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട റിലീസിം​ഗ് സീസണുകളില്‍ ഒന്നാണ് ദീപാവലി. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഒരു ദീപാവലി ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. 

ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും മികച്ച ഓപണിം​ഗുകളില്‍ ഒന്നാണ് ടൈ​ഗര്‍ 3 നേടിയിരിക്കുന്നത്. എന്നാല്‍ ഷാരൂഖ് ഖാന്‍റെ സമീപകാലത്തെ വന്‍ വിജയങ്ങളായ പഠാനെയോ ജവാനെയോ ചിത്രം മറികടന്നിട്ടില്ല. യാഷ് രാജ് ഫിലിംസിന്‍റെ തന്നെ ചിത്രമായ പഠാന്‍ ആദ്യദിനം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 106 കോടി ആയിരുന്നു. ജവാന്‍ നേടിയത് 129.6 കോടിയും! അതേസമയം എതിരാളികളൊന്നുമില്ലാത്തതിനാല്‍ വരും ദിനങ്ങളിലും ടൈ​ഗര്‍ 3 ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. ചിത്രം എത്രത്തോളം കളക്റ്റ് ചെയ്യുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബോളിവുഡ്. 

ALSO READ : കാര്‍ത്തിക്ക് കാലിടറിയോ? 'ജി​ഗര്‍തണ്ടാ ഡബിള്‍ എക്സോ' 'ജപ്പാനോ'? ആദ്യ മൂന്ന് ​ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios