ടോപ്പ് 10 ലിസ്റ്റില്‍ നാല് ചിത്രങ്ങളും മോഹന്‍ലാലിന്‍റേതാണ്

മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റ് ഇന്ന് വളരെ വിശാലമാണ്. യുഎസും യൂറോപ്പും തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ഇന്ന് ശ്രദ്ധേയ മലയാള സിനിമകളില്‍ പലതിനും റിലീസ് ഉണ്ട്. അവിടങ്ങളില്‍ നിന്ന് മികച്ച കളക്ഷനും നേടുന്നുണ്ട്. വിദേശ കളക്ഷനില്‍ ഇന്ത്യയിലെ മറ്റ് ഭാഷാ ചലച്ചിത്ര മേഖലകളെ മലയാളം പലപ്പോഴും ഞെട്ടിക്കുന്നുപോലുമുണ്ട്. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ റിലീസ് സാധാരണമാവുന്നതിന് മുന്‍പ് മലയാള സിനിമയുടെ ആദ്യ വിദേശ മാര്‍ക്കറ്റ് ഗള്‍ഫ് ആയിരുന്നു. ഇന്ന് അത് ഏറെ വിശാലമായിട്ടുമുണ്ട്. ഇപ്പോഴിതാ കൗതുതകരമായ ഒരു ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. ഗള്‍ഫില്‍ എക്കാലത്തും ഏറ്റവും മികച്ച കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ ലിസ്റ്റ് ആണ് ഇത്. ട്രാക്കര്‍മാരായ ഫോറം റീല്‍സ് ആണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.

ടോപ്പ് 10 ലിസ്റ്റില്‍ നാല് ചിത്രങ്ങളും മോഹന്‍ലാലിന്‍റേതാണ്. എമ്പുരാന്‍, തുടരും, ലൂസിഫര്‍, പുലിമുരുകന്‍ എന്നിവയാണ് അത്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഈ നാല് ചിത്രങ്ങളും ഉണ്ട് എന്നത് ശ്രദ്ധേയം. മറ്റ് നാല് താരങ്ങള്‍ക്ക് ഓരോ ചിത്രങ്ങള്‍ വീതവും ഉണ്ട്. മമ്മൂട്ടി, ഫഹദ്, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരാണ് ആ നാല് താരങ്ങള്‍. ലിസ്റ്റിലെ മറ്റ് രണ്ട് ചിത്രങ്ങള്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്.

9.72 മില്യണ്‍ ഡോളര്‍ നേടിയ എമ്പുരാന്‍ ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ ഏറ്റവും ഒടുവിലത്തെ റിലീസ് ആയ തുടരും. 6.94 മില്യണ്‍ ഡോളര്‍ ആണ് ഈ ചിത്രത്തിന്‍റെ ഗള്‍ഫ് ഗ്രോസ്. ലൂസിഫര്‍ ആണ് മൂന്നാം സ്ഥാനത്ത്. 5.70 മില്യണ്‍ ഡോളര്‍ ആണ് ചിത്രത്തിന്‍റെ കളക്ഷന്‍. ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും സോളോ ഹീറോ ചിത്രമെന്ന് വിളിക്കാനാവാത്ത 2018 ആണ് നാലാമത്. 5.64 മില്യണ്‍ ഡോളര്‍ ആണ് ചിത്രത്തിന്‍റെ നേട്ടം. പുലിമുരുകനാണ് അഞ്ചാമത്. 4.91 മില്യണ്‍ ഡോളര്‍ ആണ് കളക്ഷന്‍. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് 4.86 മില്യണും ഫഹദ് ഫാസിലിന്‍റെ ആവേശം 4.26 മില്യണ്‍ ഡോളറും മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം 4.23 മില്യണ്‍ ഡോളറും പൃഥ്വിരാജിന്‍റെ ആടുജീവിതം 3.80 മില്യണ്‍ ഡോളറും നിവിന്‍ പോളിയുടെ പ്രേമം 3.52 മില്യണ്‍ ഡോളറും ഗള്‍ഫില്‍ നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം