ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് 'കലങ്ക്'. വന്‍ താരനിരയുമായെത്തിയ ഈ അഭിഷേക് വര്‍മന്‍ ചിത്രത്തിന് റിലീസ് ദിനത്തില്‍ ഏറെയും മോശം മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചതെങ്കിലും കളക്ഷനില്‍ റെക്കോര്‍ഡിട്ടു ചിത്രം. ഒരുപക്ഷേ റെക്കോര്‍ഡ് തീയേറ്റര്‍ റിലീസ് ആവാം കാരണം. ഇന്ത്യയില്‍ മാത്രം 4000 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം നേടിയത് 21.6 കോടിയാണ്. ഈ വര്‍ഷം ബോളിവുഡില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ മുന്നിലുള്ള മറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണ്?

അക്ഷയ് കുമാര്‍ നായകനായ അനുരാഗ് സിംഗ് ചിത്രം 'കേസരി', രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സോയ അഖ്തര്‍ ചിത്രം ഗള്ളി ബോയ്, ഇന്ദ്രകുമാര്‍ സംവിധാനം ചെയ്ത ടോട്ടല്‍ ധമാല്‍ എന്നിവയാണ് ഈ വര്‍ഷം ബോളിവുഡിലെ മറ്റ് മികച്ച ഓപണറുകള്‍.

കളങ്ക് ആദ്യദിനം 21.60 നേടിയെങ്കില്‍ കേസരി നേടിയത് 21.06 കോടി ആയിരുന്നു. ഗള്ളി ബോയ് 19.40 കോടിയും ടോട്ടല്‍ ധമാല്‍ 16.50 കോടിയും റിലീസ് ദിനത്തില്‍ നേടി. ഇതില്‍ കളങ്ക് മാത്രമാണ് ബുധനാഴ്ച റിലീസ് ചെയ്യപ്പെട്ടത്. കേസരിയും ഗള്ളി ബോയ്‌യും വ്യാഴാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്.